തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടുവരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ കവറേജിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ അവാര്‍ഡുകള്‍ക്ക് ജൂണ്‍ ഒന്ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് എന്‍ട്രികള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കും മികച്ച ഫോട്ടോഗ്രാഫര്‍ക്കും ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കും മികച്ച ക്യാമറാമാനും സമഗ്ര കവറേജിന് ഓണ്‍ലൈന്‍, റേഡിയോ വിഭാഗങ്ങള്‍ക്കും പുരസ്‌കാരം നല്‍കും.

ദൃശ്യ – ശ്രവ്യ – ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ ലിങ്കുകള്‍ entekera…@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ പെന്‍ഡ്രൈവില്‍ കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്ററിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ മൂന്ന് അസല്‍പ്പതിപ്പുകളാണ് സമര്‍പ്പിക്കേണ്ടത്. സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉള്‍പ്പെടുത്തിയ എന്‍ട്രികളാണ് സമര്‍പ്പിക്കേണ്ടത്. അവാര്‍ഡുകള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.