തിരുവനന്തപുരം: ജൂണ്‍ 1ന്‌ സ്‌കൂള്‍ തുറക്കുമ്പോള്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഏകദേശം 24,500  കുട്ടികള്‍  ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടി. യഥാര്‍ഥ കണക്ക് അടുത്ത ദിവസങ്ങളില്‍ മാത്രമെ ലഭ്യമാകുകയുള്ളൂവെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ട ഡയറക്ടര്‍ സന്തോഷ് കുമാര്‍.എസ്  പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കഴിഞ്ഞവര്‍ഷം 21,411 വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ സ്ഥാനത്ത് 25,000 വിദ്യാര്‍ഥികളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വര്‍ധന. രണ്ടുമുതല്‍ 10 വരെ ക്ലാസുകളിലും കുട്ടികള്‍ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്. കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് വിദ്യാലയങ്ങള്‍ വീണ്ടും സജീവമാകുമ്പോള്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷവും കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതായാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഹയര്‍ സെക്കണ്ടറി വിഭാഗം ഒഴികെ  2,98,000 കുട്ടികളാണ് നിലവില്‍ ജില്ലയില്‍ ഉള്ളത്. ഈ വര്‍ഷം മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളിലേക്ക് എത്തും. മറ്റു സിലബസുകളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.  മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മിക്ക സ്‌കൂളുകളിലും അധിക ഡിവിഷന്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ 997 സ്‌കൂളുകളും ഹരിതച്ചട്ടം പാലിച്ച് പ്രവേശനോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം രാവിലെ 9.30നു കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി കഴക്കൂട്ടം  ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി അഡ്മിഷന്‍ എടുത്ത പ്രീപ്രൈമറി, ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്യും. ഉപജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്.

കോവിഡ് ആശങ്ക കുറഞ്ഞെങ്കിലും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ കുട്ടികളും അധ്യാപകരും പാലിക്കണം. ‘സമ്പൂര്‍ണ’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പ്രവേശന നടപടികള്‍. കുട്ടികളുടെ ആധാര്‍ കാര്‍ഡിലെ ബയോമെട്രിക് വിവരങ്ങളടക്കം ഉള്‍പ്പെടുത്തിയാണ് ഇത്തവണ പ്രവേശനം നല്‍കുന്നത്.