ചെറുകുന്ന് ജി.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂമന്ത്രി കെ രാജൻ നിർവ്വഹിച്ചു. പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു.
നിലവാരക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം കുട്ടികളെ ചേർക്കാൻ മടിച്ചിരുന്നിടത്ത് നിന്ന് കൂടുതൽ വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കാലം എത്തിയെന്നും
മന്ത്രി കൂട്ടിച്ചേർത്തു.
ഒരു കോടി രൂപ ഉപയോഗിച്ചാണ് ഇരുനില കെട്ടിടം നിർമ്മിക്കുന്നത്. പുത്തൂർ ഗ്രാമപഞ്ചായത്ത് സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നിർമ്മിച്ച കളി ഉപകരണങ്ങൾ – പാർക്ക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, ഹെഡ്മിസ്ട്രസ് സി സി മേരി, പി ടി എ പ്രസിഡന്റ് പി പി പ്രസാദ്, മെമ്പർ സുജിത അർജ്ജുനൻ തുടങ്ങിയവർ പങ്കെടുത്തു.