കുട്ടികള്‍ കളിച്ചാണ് പഠിക്കേണ്ടതെന്നും പഠിച്ചാണ് കളിക്കേണ്ടതെന്നും സര്‍വ്വ മേഖലയിലും വിജയം കൈവരിക്കുന്നതിന് ഇതാവശ്യമാണെന്നും വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടി. സിദ്ദിഖ് എം.എല്‍എ അധ്യക്ഷത വഹിച്ചു.

ജോലിക്കു വേണ്ടി മാത്രം പഠിക്കുന്ന രീതി മാറണമെന്നും അറിവു നേടുകയെന്ന പഠനത്തിന്റെ യഥാര്‍ഥ ലക്ഷ്യം ജീവിതത്തിന്റെ സമഗ്ര വളര്‍ച്ചക്കും നാടിന്റെ ഉയര്‍ച്ചക്കും സഹായകരമാകണമെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ അക്കാദമിക വിഷയങ്ങളും നാളെയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാകണം. കുട്ടികളെ സ്വതന്ത്രരായി വിട്ട് പഠിക്കാന്‍ അനുവദിക്കണം. കൂട്ടിലിട്ട തത്തയെ പോലെ വളര്‍ത്തിയാല്‍ കുട്ടികള്‍ നന്നാവുമെന്നത് തെറ്റായ ധാരണയാണ്. എന്നുവെച്ചാല്‍ തോന്നിയ പോലെ വളര്‍ത്തണം എന്നല്ല. അവര്‍ കലഹിച്ചും ഇണങ്ങിയും പിണങ്ങിയും പഠിക്കട്ടെ. സ്‌കൂളുകളില്‍ കുട്ടികള്‍ തമ്മിലുള്ള നിസാര പിണക്കങ്ങള്‍ രക്ഷിതാക്കള്‍ തമ്മില്‍ ഇടപെട്ട് വഷളാക്കുന്ന സാഹചര്യം ഉണ്ടാകരുത്. സ്‌നേഹപൂര്‍ണമായ ഉപദേശമാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. മന്ത്രി പറഞ്ഞു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ബാന്‍ഡ് മേളം, വിദ്യാര്‍ഥികളുടെ ഡിസ്പ്ലേ, ഗോത്രനൃത്തം, ഫ്ലാഷ് മോബ്, സാംസ്‌കാരിക കലാരൂപങ്ങള്‍ എന്നിവ മന്ത്രി വീക്ഷിക്കുകയും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.