തോരണവും വര്‍ണ ബലൂണുകളും കുരുത്തോലയുമൊക്കെ അലങ്കാരമൊരുക്കിയ വഴിയിലൂടെ അവര്‍ ക്ലാസ് മുറികളില്‍ എത്തി. ബാന്‍ഡ് മേളവും മധുരപലഹാരങ്ങളുമൊരുക്കി അധ്യാപകര്‍ പഠനത്തിന്‍റെ പുതിയ കാലത്തിലേക്ക് കുഞ്ഞുങ്ങളെ വരവേറ്റു. ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും ഉത്സവാന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവേശനോത്സവം നടന്നത്.

ചേര്‍ത്തല ഗവണ്‍മെന്‍റ് എച്ച്.എസ്.എസ്.എസില്‍ കൃഷിമന്ത്രി പി.പ്രസാദിന്‍റെ നേതൃത്വത്തിലാണ് കുട്ടികളെ സ്വീകരിച്ചത്. ജില്ലാതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം വിശേഷങ്ങള്‍ തിരക്കിയും തമാശകള്‍ പങ്കുവച്ചും അവര്‍ക്കൊപ്പം ചിലവഴിച്ചു.

നീണ്ട ഇടവേളയ്ക്കുശേഷം വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതിന്‍റെ വിഷമത്തിലായിരുന്ന കുരുന്നുകളില്‍ പലരും ആഘോഷാന്തരീക്ഷത്തില്‍ വിഷമം മറന്നു. വിശിഷ്ടാതിഥികള്‍ അവര്‍ക്ക് പായസം വിളന്പി. ഒന്നു മുതല്‍ മൂന്ന് വരെ ക്ലാസുകളിലെ കുട്ടികളില്‍ പലരും ആദ്യമായാണ് സ്‌കൂളുകളില്‍ എത്തിയത്.

മന്ത്രിയും എ.എം ആരിഫ് എംപിയും ചേര്‍ന്ന് കുട്ടികളുടെ ചിരാതിലേക്ക് ദീപം പകര്‍ന്ന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. പദ്ധതിയുടെ ചിഹ്നമായ ചില്ലു എന്ന അണ്ണാന്‍ കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നൽകി. ലഹരിവിരുദ്ധ ബോധവത്കരണത്തിനായി എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ വിമുക്തി കാര്‍ഡിന്‍റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിന്‍ സി. ബാബു സ്‌കൂള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു. പ്രീ സ്‌കൂള്‍ കളിത്തോണി ജില്ലാതല വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി മോഹനന്‍ നിര്‍വഹിച്ചു.

ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സാംസണ്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.വി. പ്രിയ, വി. ഉത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ദാസപ്പന്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോമി ഏലശ്ശേരിയില്‍, ഗ്രാമപഞ്ചായത്തഗം സി. റോയി മോന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓർഡിനേറ്റർ എ.കെ. പ്രസന്നൻ, എസ്.എസ്.കെ. ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി.എം രജനീഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ജെ. ബിന്ദു, ചേര്‍ത്തല ഡി.ഇ.ഒ. സി.എസ് ശ്രീകല, എസ്.എസ്.കെ. ജില്ലാ പ്രോഗാം ഓഫീസര്‍മാരായ ഡി. സുധീഷ്, കെ.ജി. വിന്‍സെന്‍റ്, പി.എ. സിന്ധു, ഇമ്മാനുവല്‍ ടി. ആന്‍റണി, ബി.പി.സി. ടി.ഒ. സല്‍മോന്‍, പ്രിന്‍സിപ്പല്‍ ജീജാ ഭായ്, ഹെഡ് മാസ്റ്റര്‍ പി.എം. ഗോപകുമാര്‍, പി.ടി.എ. പ്രസിഡന്‍റ് ഡി. പ്രകാശന്‍, എസ്.എം.സി. ചെയര്‍മാന്‍ വി. സജി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.