‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ സംരംഭക ശില്പശാലയ്ക്കു തുടക്കം

തൊഴിലന്വേഷകർ തൊഴിൽദാതാക്കളാകുന്ന കാലം വിദൂരമല്ലെന്നും ഇതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സംരംഭക ശില്പശാലയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുകയാണ് നാം നേരിടുന്ന എറ്റവും വലിയ പ്രതിസന്ധി. തദ്ദേശീയമായും അന്താരാഷ്ട്രതലത്തിലും ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് നിരവധി ആശയങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇതുവഴി തൊഴിൽ സാധ്യതകൾ വർധിപ്പിക്കാനാകും. നിരവധി ഇന്നൊവേഷൻ സെന്ററുകളും സ്‌കിൽഡ് ആൻഡ് നോളജ്് സെന്ററുകളും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. നവസംരംഭകർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ എത്രയും വേഗം സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ സഹായം ചെയ്യുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷയായി. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്തംഗം പ്രമോദ് തങ്കച്ചൻ, കെ.എസ് എസ്.ഐ.എ (കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ) ജില്ലാ പ്രസിഡന്റ് എബ്രഹാം കുര്യാക്കോസ്, ലീഡ് ബാങ്ക് മാനേജർ ഇ.എം. അലക്സ്, കേരള ബാങ്ക് റീജണൽ മാനേജർ പ്രിൻസ് ജോർജ്ജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി.ആർ. രാകേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ‘എങ്ങനെ ഒരു സംരംഭം തുടങ്ങാം അനുമതികളും സഹായ പദ്ധതികളും’ എന്ന വിഷയത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ്. അജിമോൻ ക്ലാസെടുത്തു.
വ്യവസായ വാണിജ്യ വകുപ്പിന്റെയും അയ്മനം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.