നിറപ്പകിട്ടിൽ പ്രവേശനോത്സവം
വാദ്യഘോഷങ്ങളും വർണക്കുടകളുമായി
പാട്ടുപാടിയും ചിരിച്ചും മധുരം നൽകിയും ജില്ലയിലെ സ്‌കൂളുകൾ വിദ്യാർത്ഥികളെ വരവേറ്റു. ആദ്യമായി സ്‌കൂളുകളിൽ എത്തിയ കുരുന്നുകൾക്ക് പ്രവേശനോത്സവം നവ്യാനുഭവമായി. നീണ്ട അവധിക്കാലത്തിന് ശേഷം കൂട്ടുകാരെ നേരിട്ടു കാണുന്നതിന്റെ സന്തോഷം മുതിർന്ന കുട്ടികളിലും കാണാമായിരുന്നു.
ജില്ലാതല പ്രവേശനോത്സവം കുടമാളൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ദിശാബോധത്തോടെയുള്ള പ്രവർത്തനങ്ങൾ മൂലം വിദ്യാഭ്യാസക്കച്ചവടം ഒഴിവാക്കാനായതായി മന്ത്രി പറഞ്ഞു. സ്മാർട്ട് ക്ലാസുകൾ, ഹൈടെക് സ്‌കൂളുകൾ, സ്വിമ്മിംഗ് പൂളുകൾ, ലൈബ്രറികൾ, ലബോറട്ടറികൾ എന്നിങ്ങനെ അന്താരാഷ്ട്ര തലത്തിലുള്ള പശ്ചാത്തല വികസനപ്രവർത്തനങ്ങൾക്കാണ് വിദ്യാഭ്യാസമേഖല സാക്ഷ്യം വഹിക്കുന്നത്. രണ്ടായിരത്തിലധികം സ്‌കൂളുകൾ തകർച്ചയുടെ ഭീഷണിയിൽ നിന്നിരുന്ന സമയത്താണ് ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുന്നത്. നിർമാണത്തിലിരിക്കുന്നതും പൂർത്തീകരിച്ചതുമായ നിരവധി സ്‌കൂളുകളാണ് ജില്ലയിലുള്ളത്. സാർവത്രികമായ സൗജന്യ വിദ്യാഭ്യാസം എന്ന ആശയത്തിൽ നിന്നാണ് പൊതുവിദ്യാഭ്യാസ യഞ്ജം ഉടലെടുത്തതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഷാജിമോൻ, ഗ്രാമപഞ്ചായത്തംഗം ബിന്ദു ഹരികുമാർ, സമഗ്ര ശിക്ഷാ കേരളാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ മാണി ജോസഫ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഹയർ സെക്കൻഡറി കോട്ടയം റീജണൽ ഡപ്യൂട്ടി ഡയറക്ടർ പി.റ്റി. സിബിമോൻ, അധ്യാപക പ്രതിനിധി ജി. വിനോദ്, സ്‌കൂൾ പ്രിൻസിപ്പൽ ജെ. റാണി എന്നിവർ പ്രസംഗിച്ചു.
അക്ഷരതൊപ്പികൾ ധരിച്ചും ഗാന്ധിജി, നെഹ്റു, സ്വാമി വിവേകാനന്ദൻ, കർഷകർ, വിവിധ മത- സാമൂഹിക വിഭാഗങ്ങളുടെ വേഷം ധരിച്ചുമെത്തിയ കുട്ടികൾ ചടങ്ങുകളെ വർണാഭവും മികവുറ്റതുമാക്കി. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു.