സിവിൽ സർവീസ് പരീക്ഷയിൽ 21-ാം റാങ്ക് നേടി സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ ദിലീപ് കെ. കൈനിക്കരയ്ക്ക് അഭിനന്ദനങ്ങളുമായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ. പായിപ്പാട്ടെ വീട്ടിലെത്തിയാണ് കളക്ടർ അഭിനന്ദനം അറിയിച്ചത്.

ദക്ഷിണ കൊറിയയിൽ സാംസങ് ഇലക്ട്രോണിക്‌സിലെ കമ്പ്യൂട്ടർ എൻജിനീയർ ജോലി ഉപേക്ഷിച്ചാണ് ദിലീപ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. മൂന്നാം ശ്രമത്തിൽ സ്വപ്നനേട്ടം കരസ്ഥമാക്കി. 2019 ൽ പരിശീലനമാരംഭിച്ച ദിലീപ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ വിജയിച്ച് പ്രോബഷണറി ഓഫീസറായിരുന്നു. അവധിയെടുത്താണ് സിവിൽ സർവീസ് പരിശീലനം നടത്തിയത്.

അച്ഛൻ കെ.എസ് കുര്യാക്കോസിന്റെയും അമ്മ ജോളിമ്മ ജോർജ്ജിന്റെയും സഹോദരി അമലുവിന്റെയും പൂർണ പിന്തുണ ദിലീപിനുണ്ട്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്തും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.