കട്ടപ്പന നഗരസഭയുടെയും ഉടുമ്പന്‍ചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നഗരസഭയിലെ നവസംരംഭകരെ കണ്ടെത്തി മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനായി നിങ്ങള്‍ക്കും സംരംഭകരാകാം ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ദൗത്യത്തോടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2022-23 സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭാ ഹാളില്‍ നടന്ന ബോധവത്കരണ ശില്‍പശാല മുൻസിപ്പൽ ചെയര്‍പേഴ്‌സണ്‍ ബീന ജോബി ഉദ്ഘാടനം ചെയ്തു.

പുതുതായി സംരംഭം ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പരിചയപ്പെടുത്തുകയും ലൈസന്‍സ്, ലോണ്‍, സബ്സിഡി തുടങ്ങി സംരംഭം ആരംഭിക്കുമ്പോള്‍ അറിയേണ്ട വിഷയങ്ങളില്‍ വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസുകളെടുക്കുകയും ചെയ്തു. സംരംഭകത്വത്തിലേക്ക് കടന്നുവരാനാഗ്രഹിക്കുന്നവരുടെ ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.
ശില്‍പശാലയില്‍ എഴുപതോളം പേര്‍ പങ്കെടുത്തു.