പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കേരളത്തിൽ വന്ന മാറ്റങ്ങൾ ചെറുതല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പൊതുവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വന്നു. വിദ്യാലയങ്ങൾ മികവിൻെറ കേന്ദ്രങ്ങളായി മാറി. ഒരു കാലഘട്ടത്തിന്റെ അനിവാര്യതയും മാറ്റവുമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുരിക്കാട്ടുകുടി ഗവ ട്രൈബൽ സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 ലധികം സർക്കാർ സ്കൂളുകളാണ് ഹൈടെക് ആയിരിക്കുന്നത്. ക്ലാസുകൾ സ്മാർട്ട് ആയി, മികച്ച ഗ്രൗണ്ട്, മികച്ച പഠന സാഹചര്യങ്ങൾ, മാറ്റങ്ങൾ കൂടുതൽ പ്രചോദനം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് അധ്യാപകരും ക്ലാസ്സ് മുറികളിലെത്തണം. കുട്ടികൾക്ക് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും അനിവാര്യമാണ്. കുട്ടികൾ കായികക്ഷമത ഉള്ളവരാവണം. അവർക്ക് കളിക്കാൻ സാഹചര്യങ്ങൾ ഒരുക്കണം. കുട്ടികളെ അവരുടെ ഇഷ്ടമേഖല തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കണം. എല്ലാവരും ഡോക്ടർമാരും എഞ്ചിനിയർമാരും ആകില്ല. ഓരോരുത്തരുടെയും ഇഷ്ടമേഖല തെരഞ്ഞെടുക്കാനാണ് അവരെ പ്രാപ്തരാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ സിവിൽ സർവീസ് അക്കാദമി എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് . ട്രെയിനിങ് സെന്റർ കട്ടപ്പന ഗവ കോളേജിലാണ് ആരംഭിക്കുന്നത്. ജൂൺ 19 ന് ക്ലാസുകൾ ആരംഭിക്കുമെന്നും ആപ്ലിക്കേഷൻ ലഭിച്ചുതുടങ്ങിയതായും മന്ത്രി അറിയിച്ചു. 60 കുട്ടികൾക്കാണ് അഡ്മിഷൻ ലഭിക്കുക.

മുരിക്കാട്ടുകുടി ഗവ ട്രൈബൽ സ്കൂൾ ഗ്രൗണ്ട് നിർമ്മാണത്തിന് മന്ത്രി മൂന്നു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സ്കൂൾ ഗ്രൗണ്ട് കൂടുതൽ മനോഹരമാക്കി പൂർവ വിദ്യാർത്ഥികൾ ഒരുക്കിയ കുറവൻ മലയും കുറത്തി മലയും, ഇടുക്കി ഡാമും, ചെറുതോണി ഡാമും, അഞ്ചുരുളിയും, തൂക്കുപാലവുമെല്ലാം വീണ്ടും നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. 1995-96 വർഷത്തിൽ സ്കൂളിൽ 10-ാം ക്ലാസിൽ പഠിച്ച വിദ്യാർഥികളുടെ സൗഹൃദക്കൂട്ടായ്മയായ ‘സ്നേഹവലയത്തിന്റെ’ നേതൃത്വത്തിൽ നടത്തുന്ന പഠന സഹായ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം ലഭിക്കേണ്ട ഒരു സാഹചര്യവും നിഷേധിക്കപ്പെടാൻ പാടില്ല. നമ്മുടെ കുട്ടികൾ ലോകത്തിന്റെ ഉയരങ്ങളിൽ എത്തണം. ലോകം നിയന്ത്രിക്കുന്ന, ലോകം ആരാധിക്കുന്ന, ബഹുമാനിക്കുന്ന തലമുറയെ സൃഷ്ടിക്കണം. ആദ്യം അറിയേണ്ടത് കുട്ടിയെയാണ്, പരീക്ഷയിൽ വിജയിക്കാൻ മാത്രമല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്, ജീവിതത്തിൽ വിജയിക്കാൻ കഴിയുന്നവരെ സൃഷ്ടിക്കാൻ കഴിയണമെന്ന് അദ്ദേഹം അധ്യാപകരെ ഉദ്ബോധിപ്പിച്ചു.അഡ്വ ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഷീബാ ജോർജ് പ്രവേശനോത്സവ സന്ദേശം നൽകി. ഒരിക്കലും നഷ്ടപ്പെടാത്ത അമൂല്യ സമ്പത്താണ് വിദ്യാഭ്യാസമെന്ന് കളക്ടർ പറഞ്ഞു.

കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂൾ പ്രവേശനോത്സവം നടക്കുന്നത്. അതി വിപുലമായാണ് ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് മുരിക്കാട്ടുകുടി ഗവ സ്കൂളിനെ ജില്ല പ്രവേശനോത്സവത്തിനായി തിരഞ്ഞെടുക്കുന്നത്. പ്രവേശനോത്സവത്തിന് ആവേശം പകരാൻ സ്കൂൾ മൈതാനിയിൽ കുറവൻ മലയും കുറത്തി മലയും, ഇടുക്കി ഡാമും, ചെറുതോണി ഡാമും, അഞ്ചുരുളിയും, തൂക്കുപാലവുമെല്ലാം പുനർ നിർമിച്ചാണ് മരിക്കാട്ടുകുടി ഗവ.സ്കൂൾ ശ്രദ്ധ നേടിയത്. പ്രവേശന കമാനം മുളയിൽ ആണ് തീർത്തത്. പ്രവേശനോത്സവത്തിന് നേതൃത്വം നൽകിയത് 95 – 96 ബാച്ചിലെ എസ്എസ്എൽസി പൂർവ്വ വിദ്യാർത്ഥികളാണെന്ന പ്രത്യേകതയും ഉണ്ട്. ചടങ്ങിൽ കോവിൽമല രാജാവ് രാമൻ രാജമന്നാൻ അധ്യാപകരെ ആദരിച്ചു. ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂളിന് കൈമാറിയ സൗണ്ട് സിസ്റ്റത്തിന്റെ ചെക്ക് കൈമാറ്റവും ചടങ്ങിൽ നടന്നു.

1958 ൽ ആണ് മുരിക്കാട്ടുകുടി ഗവ ട്രൈബൽ സ്കൂൾ ആരംഭിക്കുന്നത്. പയൽ സ്കൂൾ ആയിട്ടാണ് ആരംഭിക്കുന്നത്. പിന്നീട് കാലക്രമേണ ഹയർ സെക്കണ്ടറി വരെ ആയി ഉയർത്തി. 1991 ലാണ് ഹയർ സെക്കണ്ടറിയാക്കിയത്. സ്കൂൾ ആദ്യം ആരംഭിച്ചത് മുരിക്കാട്ടുകുടിയിൽ ആണ്. തുടർന്ന് ഇടുക്കി പദ്ധതി പ്രദേശത്തിൽ ഉൾപ്പെടുത്തി മാറ്റി പാർപ്പിച്ചതിനെ തുടർന്ന് സ്കൂൾ സ്വരാജിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും സ്കൂളിന്റെ പേര് മുരിക്കാട്ടുകുടി ആയി തുടർന്നു. കഴിഞ്ഞ മൂന്നു വർഷമായിട്ട് കുട്ടികളുടെ അഡ്മിഷൻ കൂടിയിട്ടുണ്ട്. 21 കുട്ടികളാണ് ഇതുവരെ ഒന്നാം ക്ലാസിലേക്ക് അഡ്മിഷൻ എടുത്തിട്ടുള്ളത്. വരും ദിവസങ്ങളിലും അഡ്മിഷൻ തുടരും.

പരിപാടിയിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആശ ആന്റണി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ് വിഎ, പ്രിൻസിപ്പൽ ഇൻ ചാർജ് ബിന്ദു വർഗീസ്, ഹെഡ്മാസ്റ്റർ ശിവകുമാർ വി, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപക- അനധ്യാപക പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.