ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി, മുരിക്കാശ്ശേരി പാവനാത്മാ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ ലോക പുകയിലരഹിത ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബോധവത്ക്കരണ റാലി ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജീവ് ഫ്ലാഗ് ഓഫ് ചെയ്തു. പാവനാത്മാ കോളേജ് ഹാളിൽ കൂടിയ പൊതുസമ്മേളനം വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ജോസ് ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സുനിത സജീവ് അദ്ധ്യക്ഷത വഹിച്ചു.

പുകയിലരഹിത ദിനാചരണ സന്ദേശം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ് നൽകി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ സുഷമ പുകയിലരഹിത ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ജനപ്രതിനിധികൾ, പാവനാത്മാ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ബെന്നിച്ചൻ സ്ക്കറിയാ എന്നിവർ സംസാരിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസർ തങ്കച്ചൻ ആൻറണി സ്വാഗതം ആശംസിച്ചു. തുടർന്ന് നടത്തിയ “പുകയിലയും ആരോഗ്യ പ്രശ്നങ്ങളും ” എന്ന സെമിനാറിൽ ഡെപൂട്ടി ഡി.എം.ഒ. ഡോ. സുരേഷ് വർഗ്ഗീസ് വിഷയം അവതരിപ്പിച്ചു. സെമിനാറിലെ ക്ലാസ്സുകൾക്ക് സിവിൽ എക്സൈസ് ഓഫീസർ ജയൻ പി. ജോൺ നേത്യത്വം നൽകി.