വിദ്യാലയ ഓർമ്മകൾ പങ്കുവെച്ച് ജില്ലാ കലക്ടറും

അക്കാദമിക് തലത്തിൽ മാത്രമല്ല ജീവിതത്തിലും ഉയർച്ച കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ട് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ ജില്ലാതല പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം  പട്ടിക്കാട്  ജി.എൽ.പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ എ പ്ലസ് നേടാൻ  വിദ്യാർത്ഥികളെ  പ്രാപ്തരാക്കുകയാണ്  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ  വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം കൊണ്ട് വരാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കഴിഞ്ഞു. കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ഏറ്റവും വലിയ പാഠ്യ പരിഷ്ക്കരണത്തിന് വേദിയായതോടൊപ്പം തന്നെ ഈ പ്രവേശനോത്സവത്തിൽ സംസ്ഥാനത്ത്  6,70,000 കുട്ടികളെ  സ്വാഗതം ചെയ്യാൻ കഴിയത്തക്കവിധം  ഒരു മഹാപ്രസ്ഥാനമായി മാറി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ  ഭൗതിക വിദ്യാഭ്യാസത്തിൽ മാത്രമല്ല മാറ്റം ഉണ്ടായത്. സംസ്ഥാനത്ത് ആദ്യമായി അക്കാദമിക്  മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ സാധിച്ചതും പദ്ധതിയുടെ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് പട്ടിക്കാട്   എൽ പി  സ്കൂളിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും  പൊതു വിദ്യാഭ്യാസ ഫണ്ടിൽ നിന്നുമായി 2 കോടി  രൂപ അനുവദിച്ചതായും ചടങ്ങിൽ  മന്ത്രി  അറിയിച്ചു. കൂടാതെ  എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച  തുക ഉപയോഗിച്ച്  പട്ടിക്കാട് ഹയർ സെക്കന്ററി സ്കൂളിൽ  നിർമിച്ച  ജല ഗുണനിലവാര  പരിശോധന ലാബിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഗൃഹാതുരത്വമുണർത്തുന്ന വിദ്യാലയ ഓർമ്മകൾ പങ്കുവെച്ച് ജില്ലാ കലക്ടർ ഹരിത വി കുമാർ  കുട്ടികളോട് സംസാരിച്ചു. കലക്ടറുടെ മനോഹരമായ ഗാനവും ചടങ്ങിനെ കൂടുതൽ  ഹൃദ്യമാക്കി.

പ്രശസ്ത വാദ്യകലാകാരൻ പദ്മശ്രീ പെരുവനം കുട്ടൻമാരാർ,വിദ്യാഭ്യാസ പ്രവർത്തകൻ പി. ചിത്രൻ നമ്പൂതിരിപ്പാട്,  എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന്  പഠനോപകരണ വിതരണവും   നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവീസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം  കെ വി സജു, തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ  എന്നിവർ പരിപാടിയിൽ പങ്കെടുത്തു.