ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ആവിഷ്ക്കരിച്ച റിഹാബിലിറ്റേഷൻ സെന്റർ എന്ന ആശയം യാഥാർത്ഥ്യമാക്കി മതിലകം ബ്ലോക്ക് പഞ്ചായത്ത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജൂൺ 4ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും.

2016-17 പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച റിഹാബിലിറ്റേഷൻ സെന്ററിന് സമീപം നിർമ്മിച്ചിട്ടുള്ള പകൽ വീടിനായി 26 ലക്ഷമാണ് സർക്കാർ അനുവദിച്ചത്.  തുടർന്ന് ജില്ലാ പഞ്ചായത്ത് 10 ലക്ഷവും മതിലകം ബ്ലോക്ക് 50,000 രൂപയും വകയിരുത്തി 36.5 ലക്ഷം രൂപയാണ് സെന്ററിന്റെ നിർമ്മാണത്തിനായി ആകെ ചെലവഴിച്ചത്.

മാനസികവും ബുദ്ധിപരവുമായ ബലഹീനതകൾ നേരിടുന്നവർക്ക്  വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, പുനരധിവാസം എന്നിവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 18 വയസ് വരെ പ്രായമുള്ള  കുട്ടികൾക്കുവേണ്ടിയാണ് ബഡ്‌സ് ഹാബിറ്റ് റിഹാബിലിറ്റേഷൻ സെന്റർ നടത്തുന്നത്.

ഭിന്നശേഷിക്കാരെ പരാശ്രയത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേയ്ക്ക് നയിക്കുക എന്നതാണ് ബഡ്സ് സ്ഥാപനങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ബെന്നി ബഹനാൻ എം പി എന്നിവർ വിശിഷ്ടാതിഥികളാകും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ പ്രോജക്ട് ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.