ആലപ്പുഴ: ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ ആലപ്പുഴ ജില്ലയില്‍ 9666 സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും.

ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ ഈ സംരംഭങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള കരട് പ്രവര്‍ത്തന രേഖ തയ്യാറായി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതത് പ്രദേശങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള സംരംഭങ്ങളാണ് തുടങ്ങുക. പദ്ധതി നിര്‍വഹണത്തില്‍ സഹായിക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ബി.ടെക്, എം.ബി.എ ബിരുദധാരികളായ 86 ഇന്റേണ്‍സിനെ നിയമിച്ചിട്ടുണ്ട്.

സംരംഭകത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക, സംരംഭം തുടങ്ങാന്‍ അവരെ സജ്ജരാക്കുക തുടങ്ങിയ ചുതമലകളാണ് ഇന്റേണ്‍സ് നിര്‍വഹിക്കുക. സംരംഭം തുടങ്ങുന്നതുവരെ എല്ലാ ഘട്ടത്തിലും ഇവരുടെ സഹായമുണ്ടാകും.

ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷയും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ രഞ്ജിത് കണ്‍വീനറുമായുള്ള മോണിറ്ററിംഗ് കമ്മിറ്റിയാണ് ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.