മീഡിയ അവാര്‍ഡുകളും വിതരണം ചെയ്തു

എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ പങ്കാളികളായ വിവിധ വകുപ്പുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും മേളയുടെ വാര്‍ത്താ റിപ്പോര്‍ട്ടിന്  മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പുരസ്‌കാരങ്ങളും വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍  നടന്ന സമാപന സമ്മേളനത്തില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവര്‍ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം നിര്‍വ്വഹിച്ചു.

മികച്ച എക്സിബിഷന്‍ സ്റ്റാളുകളില്‍ ഒന്നാം സ്ഥാനം അഗ്‌നിരക്ഷാസേനയും രണ്ടാം സ്ഥാനം കേരള പോലീസും കരസ്ഥമാക്കി. മികച്ച വിപണന സ്റ്റാളിനുള്ള ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ്, കേരള വനം വന്യജീവി വകുപ്പ്  നേടി. മികച്ച സേവന സ്റ്റാളിനുള്ള ഒന്നാം സ്ഥാനം ആരോഗ്യ വകുപ്പും രണ്ടാം സ്ഥാനം അക്ഷയ സെന്ററും സ്വന്തമാക്കി. ജയിലിന്റെ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് കാണികള്‍ക്ക് പുതിയ അനുഭവമായി മാറിയ കേരള ജയില്‍ വകുപ്പ് ജനപ്രിയ സ്റ്റാളിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.

മേളയുടെ വാര്‍ത്താ കവറേജിന് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തില്‍ അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദേശാഭിമാനിയിലെ അജില പുഴക്കലിനും മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം ടൈംസ് ഓഫ് ഇന്ത്യയിലെ കെ. ദീപ പ്രസാദിനും ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി 24 ന്യൂസിലെ ആദില്‍ പാലോടും മികച്ച ക്യാമറാമാനായി മീഡിയ വണ്ണിലെ ഷൈജു ചാവശേരിയും തിരഞ്ഞെടുക്കപ്പെട്ടു. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷിജോ കുര്യന്‍, 24 ന്യൂസ് ക്യാമറാമാന്‍ ജിനു എസ് രാജ് എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. ഓണ്‍ലൈന്‍ മീഡിയ വിഭാഗത്തില്‍ സമഗ്ര കവറേജിന് ആറ്റിങ്ങള്‍ വാര്‍ത്തയ്ക്കും റേഡിയോ വിഭാഗത്തില്‍ ക്ലബ്ബ് എഫ്.എം. 94.3യും പുരസ്‌കാരം കരസ്ഥമാക്കി.