ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എടവക പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ, സന്നദ്ധ സംഘടനയായ ഫോറസ്റ്റ് വാച്ചിന്റെ സഹകരണത്തോടെ അയിലമൂല പക്ഷി സങ്കേതത്തിൽ വിപുലമായ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപ് പക്ഷി നിരീക്ഷകനായ ഡോ.പി.യു. ആന്റണിക്ക് പക്ഷി സങ്കേതത്തിൽ നടാനുള്ള ഫലവൃക്ഷത്തൈകൾ കൈമാറിക്കൊണ്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത് അദ്ധ്യക്ഷത വഹിച്ചു.

പ്രകൃതി സംരക്ഷണം, പക്ഷിനിരീക്ഷണത്തിലൂടെ എന്ന വിഷയം ആസ്പദമാക്കി ഡോ.പി.യു. ആന്റണി ക്ലാസെടുത്തു. ജനപ്രതികളായ ലത വിജയൻ, ഉഷ വിജയൻ, ഷിൽസൺ മാത്യു, വിനോദ് തോട്ടത്തിൽ, ഗിരിജ സുധാകരൻ, സുജാത സി.സി. ഡോ. ജോസഫ് മക്കോളിൽ, കുടുംബശ്രീ ഭാരവാഹികളായ ലീല ബാലൻ, രജനി, ഓവർസിയർ ജോസ് പി ജോൺ, വിനീഷ്.എം, പ്രവീൺ രാജഗിരി തുടങ്ങിയവർ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും ക്വിസ് മത്സരം നടത്തി. മത്സര വിജയികൾക്ക് ദ്വാരക വൈ.എം.സി.എ. സ്പോൺസർ ചെയ്ത പ്രശസ്തി പത്രവും ഫലകവും പരിസ്ഥിതി പ്രവർത്തകനും ബി.എം.സി.അംഗവുമായ എം.ഗംഗാധരൻ മാസ്റ്റർ വിതരണം ചെയ്തു.