കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിനെ (കിലെ) ദേശീയ നിലവാരത്തിലുള്ള ഗവേഷണ പഠന കേന്ദ്രമാക്കുമെന്നു തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ടു കിലെ ആരംഭിച്ച എക്‌സിക്യൂട്ടീവ് സർട്ടിഫിക്കേഷൻ പ്രോഗ്രാം ഇൻ ലേബർ ലോസ് ആൻഡ് മാനേജ്‌മെന്റ് ഓൺലൈൻ കോഴ്‌സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ടു കിലെ ആരംഭിക്കുന്ന സർട്ടിഫിക്കേഷൻ കോഴ്സ് ട്രേഡ് യൂണിയൻ രംഗത്തുള്ളവർ, ഹ്യൂമൻ റിസോഴ്സസ് മേഖലയിലുള്ളവർ, നിയമ വിദ്യാർഥികൾ തുടങ്ങി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടുനിൽക്കുന്നവർക്കു വളരെ പ്രയോജനം ചെയ്യുന്നതാണെന്നു മന്ത്രി പറഞ്ഞു. മിനിമം വേതനം കൃത്യമായി നടപ്പാക്കുന്ന ഏക സംസ്ഥാനമാണു കേരളം. മിനിമം വേജസ് കമ്മിറ്റി ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നതും ഇവിടെയാണ്. അതുകൊണ്ടുതന്നെ തൊഴിൽനിയമങ്ങളെക്കുറിച്ചുള്ള അവബോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
ലേബർ കോഡുകൾ, പോഷ് ആക്ട്, മാനേജ്മന്റ് പ്രിൻസിപ്പൽസ് എന്നീ വിഷയങ്ങളാണ് കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ടി.വി അനുപമ, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു.