സ്ത്രീകൾക്കായ്: 03
രാത്രികാലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസമൊരുക്കാനായി ആരംഭിച്ച’എന്റെ കൂട്’ വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ 2022 മാർച്ച് 31 വരെ 23,902 സ്ത്രീകളാണ് അഭയം തേടിയത്. ഇതിൽ 19,885 പേരും തിരുവനന്തപുരം നഗരമധ്യത്തിലെ കേന്ദ്രത്തിലാണ് താമസത്തിനെത്തിയത്.
2015 ൽ കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്ത് ആദ്യമായി എന്റെ കൂട് പ്രവർത്തനമാരംഭിച്ചത്. നഗരത്തോട് ചേർന്ന് കസബ പോലീസ് സ്റ്റേഷന് സമീപമാണിത്. തിരുവനന്തപുരം നഗരത്തിൽ 2018 ൽ ആരംഭിച്ച ‘എന്റെ കൂട്’ തമ്പാനൂർ കെ. എസ്. ആർ. ടി. സി ബസ് ടെർമിനലിലാണ് പ്രവർത്തിക്കുന്നത്.പലവിധ ആവശ്യങ്ങൾക്കായി മറ്റിടങ്ങളിൽ നിന്നെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രിയിൽ സുരക്ഷിത താമസമുറപ്പാക്കാനാണ് ഈ കേന്ദ്രങ്ങൾ ആരംഭിച്ചത്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്ത് എറണാകുളം ജില്ലയിലും ‘എന്റെ കൂട്’ പ്രവർത്തനം തുടങ്ങാൻ നടപടികൾ പുരോഗമിക്കുകയാണ്. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകളാണ് ഈ ഇടങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറെയും. 50 പേർക്ക് താമസിക്കാൻ സൗകര്യമുള്ള എന്റെ കൂടിൽ വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെയാണ് വിശ്രമിക്കാനാവുക.
മാസത്തിൽ പരമാവധി 3 ദിവസത്തേയ്ക്ക് മാത്രമാണ് സൗജന്യ പ്രവേശനം അനുവദിക്കുക. അടിയന്തിര സാഹചര്യങ്ങളിൽ 3 ദിവസങ്ങളിൽ കൂടുതൽ താമസിക്കേണ്ടിവന്നാൽ അധികമായി വേണ്ടി വരുന്ന ഓരോ ദിവസത്തിനും 150 രൂപ നൽകണം. സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസ്സിനു താഴെ പ്രായമുള്ള ആൺകുട്ടികൾ എന്നിവർക്കാണ് പ്രവേശനം. അശരണരായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പ്രവേശനം നേടേണ്ടത്.