ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
ആധുനിക ടര്‍ഫ് ഗ്രൗണ്ടിന് രണ്ട് കോടി
ഹൈസ്‌കൂളിന് മൂന്ന് ഹൈടെക് കെട്ടിടങ്ങള്‍
അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമായി താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഹയര്‍സെക്കന്‍ഡറി ബ്ലോക്കില്‍ 2.4 കോടി രൂപ ചെലവില്‍ നിര്‍മിച്ച രണ്ടാം നിലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ രാജ്യത്തു തന്നെ പുതിയ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സര്‍വോന്മുഖ വികസനം ലക്ഷ്യമിട്ട് നിരവധി പ്രഖ്യാപനങ്ങളാണ് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ നടത്തിയത്. നിറഞ്ഞ കയ്യടിയോടെ വിദ്യാര്‍ഥികള്‍ പ്രഖ്യാപനങ്ങളെ വരവേറ്റു.
ഹൈസ്‌കൂളിന് 28 ക്ലാസ് റൂമുകള്‍ ഉള്‍പ്പെടുന്ന മൂന്ന് ഹൈടെക് കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തി അടുത്ത മാസം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി ഒരു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ടര്‍ഫ് ഗ്രൗണ്ട് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി രണ്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കായികവകുപ്പിലെ എഞ്ചിനീയര്‍മാര്‍ അടുത്ത ദിവസം തന്നെ ഗ്രൗണ്ട് നിര്‍മാണത്തിന് മുന്നോടിയായി സ്‌കൂളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ അടുക്കള, ഓഡിറ്റോറിയം എന്നിവ പഴയ സ്ഥാനത്തു നിന്നും മാറ്റി ആധുനികരീതിയില്‍ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അക്കാദമികപരമായും കായികപരമായും വിദ്യാര്‍ഥികള്‍ മുന്‍പന്തിയിലെത്തേണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. താനൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം മൂന്ന് സ്റ്റേഡിയങ്ങളാണ് വിദ്യാര്‍ഥികള്‍ക്കായി ഒരുങ്ങുന്നത്. മൂന്ന് കോടി ചെലവില്‍ നിര്‍മിക്കുന്ന കാട്ടിലങ്ങാടി സ്റ്റേഡിയത്തില്‍ നീന്തല്‍ പരിശീലനത്തിനാവശ്യമായ നീന്തല്‍ക്കുളത്തിന്റെ പ്രവൃത്തിയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. താനൂര്‍ ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോള്‍ അക്കാദമിയും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. തീരദേശ വിദ്യാര്‍ഥികളുടെ കായികസ്വപ്നങ്ങള്‍ക്ക് കരുത്തായി ഉണ്ണ്യാല്‍ സ്റ്റേഡിയവും അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.
ചടങ്ങില്‍ താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.പി അബ്ദുറഹിമാന്‍, താനാളൂര്‍ പഞ്ചായത്ത് അംഗം കെ വി ലൈജു, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.മനോജ് കുമാര്‍, ഡി.ഡി.ഇ മലപ്പുറം കെ.പി രമേഷ് കുമാര്‍, വിദ്യാകിരണം കോഡിനേറ്റര്‍ എം.മണി, ഡി.പി.ഒ സുരേഷ് കൊളശ്ശേരി, തിരൂരങ്ങാടി ഡി.ഇ.ഒ സൈതലവി മങ്ങാട്ട്പറമ്പന്‍, താനൂര്‍ എ.ഇ.ഒ പി വിനോദ്, ദേവധാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അബ്ദുസലാം, റിട്ട പ്രിന്‍സിപ്പല്‍ എം. ഗണേശന്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായ ഇ.ജയന്‍, എ. പി സുബ്രഹ്‌മണ്യന്‍, സി. സുലൈമാന്‍, വേണു ഒഴൂര്‍, കെ ജനചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് ഇ.അനോജ് തുടങ്ങിയവര്‍ സംസാരിച്ചു.