ആദിവാസി ഉന്നമനത്തിനായി ചെലവഴിക്കുന്നത് മൂന്നു കോടിയോളം രൂപ

ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375 ആദിവാസി കുടുംബങ്ങള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നിലമ്പൂര്‍ മേഖലയിലെ ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375 ആദിവാസി കുടുംബങ്ങള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കുന്ന സംയോജിത പട്ടികവര്‍ഗ വികസന പദ്ധതിക്ക് തുടക്കം. നബാര്‍ഡിന്റെ ധനസഹായത്തോടെ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.വി അബ്ദുള്‍ വഹാബ് എം.പി നിര്‍വഹിച്ചു. പട്ടികവര്‍ഗ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഉടമസ്ഥാവകാശ ബോധമുള്ള പദ്ധതികളാണ് പട്ടികവര്‍ഗ സമൂഹത്തിന് വേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നെടുങ്കയം കോളനിയില്‍ നടന്ന പരിപാടിയില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി അധ്യക്ഷയായി.

നിലമ്പൂരിലെ ആദിവാസി മേഖലയില്‍ നാലുവര്‍ഷത്തിനുള്ളില്‍ സമഗ്ര വികസനത്തോടൊപ്പം സുസ്ഥിര വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നബാര്‍ഡിന്റെ പട്ടികവര്‍ഗ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2.67 കോടി രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചത്. ആടുവളര്‍ത്തല്‍, കുരുമുളക് കൃഷി, ഔഷധ സസ്യകൃഷി, തേനീച്ചകൃഷി, മത്സ്യ കൃഷി, വനവിഭവങ്ങുടെ മൂല്യ വര്‍ധനവും വിപണനവും, തൊഴില്‍ സംരംഭങ്ങള്‍, കലാ-കായിക-വിദ്യാഭ്യാസ പ്രോത്സാഹനം എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് കീഴില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും പരിശീലനവും തൊഴിലും നല്‍കും. ഇടനിലക്കാരില്ലാതെ പദ്ധതി ആദിവാസി വിഭാഗങ്ങള്‍ തന്നെ നേരിട്ട് നടപ്പാക്കുന്നുവെന്നതാണ് പ്രത്യേകത. 18 പട്ടിക വര്‍ഗ സങ്കേതങ്ങളില്‍ രൂപീകരിച്ച ഊരുവികസന സമിതിയുമായി ബന്ധിപ്പിച്ച് ഒരുക്കിയ വില്ലേജ് പ്ലാനിങ് കമ്മിറ്റികളാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വനവിഭവങ്ങളുടെ പുനരുജ്ജീവനം, ശേഖരണം, സംസ്‌കരണം, പായ്ക്കിങ്, വിപണനം, വിദ്യാഭ്യാസ- ആരോഗ്യ – സാംസ്‌കാരിക മുന്നേറ്റം തുടങ്ങിയവ ലക്ഷ്യമാക്കി ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ മലപ്പുറത്തിന്റെ നേതൃത്വത്തില്‍ നേരത്തെ നിലമ്പൂര്‍ മേഖലയില്‍ ‘ഗോത്രാമൃത്’ പദ്ധതി നടപ്പിലാക്കിയിരുന്നു.

മൂന്ന് വര്‍ഷത്തിനകം ജൈവ കുരുമുളക് ഉല്‍പാദിപ്പിച്ച് കോളനികളെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിനായി നെടുങ്കയം കോളനിയില്‍ 3500 കുരുമുളക് തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍ നിര്‍വഹിച്ചു.