മതിലകം ബ്ലോക്ക്തല ‘ഞങ്ങളും കൃഷിയിലേക്ക് ‘പദ്ധതിക്ക് മതിലകം ഗ്രാമപഞ്ചായത്തിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തുടക്കം. മതിലകം ഗ്രാമപഞ്ചായത്തിലെ പൊക്ലായില്‍ തരിശായി കിടന്ന അഞ്ച് ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ആരംഭഘട്ടത്തില്‍ മതിലകം കൃഷിഭവന്റെ നേതൃത്വത്തില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് മൂന്നുലക്ഷത്തോളം കുറുന്തോട്ടി ചെടികളാണ് നട്ടുപിടിപ്പിച്ചത്. അവ 6 മുതല്‍ 8 മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും. കൂടാതെ കച്ചോലം കൃഷി ആരംഭിക്കുന്നതിനായി 10000 തൈകള്‍ കൂടി പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കും.

ബ്ലോക്കിലെ തരിശായി കിടക്കുന്ന ഭൂമികളെല്ലാം കൃഷിയോഗ്യമാക്കി കാര്‍ഷിക രംഗത്തിന്റെ സമഗ്ര പുരോഗതിയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വഹിച്ചു. മതിലകം കൃഷി ഓഫീസര്‍ ബൈജു ബേബി, മതിലകം ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, മറ്റു പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു