പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി
വിദ്യാർത്ഥികൾക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ച് ജില്ലാകലക്ടർ ഹരിത വി കുമാർ. വില്ലടം ഗവ.ജി.എച്ച്.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചും ഓർമ്മമരമായി മാവിൻതൈ നട്ടുമാണ് ജില്ലാ കലക്ടർ പഴയ വിദ്യാലയ ഓർമ്മകൾ വീണ്ടെടുത്തത്.

കുട്ടികളോടൊപ്പം ഏറെനേരം ചിലവഴിച്ച ശേഷം സ്കൂളിന്റെ എല്ലാവിധ ഭൗതിക സൗകര്യങ്ങളും പരിശോധിച്ചും സ്കൂളിന്റെ പി ടി എ പ്രതിനിധികളുമായി സംസാരിച്ചതിനു ശേഷമാണ് കലക്ടർ മടങ്ങിയത്. പാചകപ്പുര, ഭക്ഷണ സാധന സമഗ്രികൾ, സ്കൂൾ പരിസരം എന്നിവിടങ്ങൾ കലക്ടർ സന്ദർശിച്ചു. സംസ്ഥാന ഫെൻസിങ് ടീമിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ട ഇ ഡി ദേവിക എന്ന വിദ്യാർത്ഥിനിയെ ജില്ലാ കലക്ടർ അനുമോദിച്ചു.

വിദ്യാഭ്യാസ ഓഫീസർമാരുടെയും നൂൺ മീൽ ഓഫീസർമാരുടെയും നേത്യത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളുകളിൽ സന്ദർശനം നടക്കുകയാണ്. ജില്ലയിൽ ആയിരത്തോളം സ്കൂളുകളാണ് ഉള്ളത്. ഭൂരിപക്ഷം സ്കൂളുകളിലും പരിശോധന പൂർത്തിയായി. ഇന്നലെയും ഇന്നുമായി നിരവധി ജനപ്രതിനിധികളും സ്കൂളുകൾ സന്ദർശിക്കുകയും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. അടുത്ത ദിവസം മന്ത്രിമാരുൾപ്പടെ സ്കൂളുകൾ സന്ദർശിക്കും.