ജില്ലയിലെ വെള്ളമുണ്ട പൊലിസ് സ്റ്റേഷന്‍ വിഭജിച്ച് പുതുതായി രൂപീകരിച്ച തൊണ്ടര്‍നാട് പൊലിസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. കേരളത്തില്‍ പുതുതായി അനുവദിച്ച അഞ്ച് ലോക്കല്‍ പൊലിസ് സ്റ്റേഷനുകളില്‍ ഒന്നാണിത്. വയനാട് ജില്ലയിലെ 16-ാമത്തെ ലോക്കല്‍ പൊലിസ് സ്റ്റേഷനാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് ഭരണ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന കോറോം പൊലിസ് ഔട്ട്പോസ്റ്റാണ് ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം സ്വതന്ത്ര പൊലിസ് സ്റ്റേഷനായി മാറുന്നത്. ഇതിനിടെ പലപ്പോഴായി പ്രവര്‍ത്തിക്കുകയും അടച്ചുപൂട്ടുകയും ചെയ്ത ഔട്ട്പോസ്റ്റ്‌ പൊലിസ് സ്റ്റേഷനായി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. 2017 സെപ്റ്റംബറിലാണ് സര്‍ക്കാര്‍ സ്റ്റേഷന് ഭരണാനുമതി നല്‍കിയത്. സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന ഏഴു പുതിയ പൊലിസ് സ്റ്റേഷനുകളിലേക്ക് തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ കോറോം പൊലിസ് സ്റ്റേഷനിലേക്കും തസ്തികകള്‍ അനുവദിക്കുകയുണ്ടായി. ആകെയുള്ള 32 തസ്തികകളില്‍ 21 പേരെ പുതുതായും 11 പേരെ തൊട്ടടുത്ത പൊലിസ് സ്റ്റേഷനില്‍ നിന്നും ഇവിടത്തേക്ക് മാറ്റി നിയമിക്കുകയായിരുന്നു. കോറോത്ത് നിലവിലുള്ള ഔട്ട്പോസ്റ്റ് കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുക. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലിസ് മേധാവി ആര്‍. കറുപ്പസ്വാമി, ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഗീത ബാബു, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ പി.എ ബാബു, ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ എ. പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ പ്രഭാകരന്‍, രഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു