മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള മാനന്തവാടി ജില്ലാ ജയിലില്‍ നിയമസഹായ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. നിയമസഹായ ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് ജോണ്‍സന്‍ ജോണ്‍ നിര്‍വഹിച്ചു. പ്രതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സ്വതന്ത്രമായി ചിന്തിക്കാനും തിരിച്ചറിവ് നേടുന്നതിനുമുള്ള കാലയളവായി ജയില്‍ ജീവിതത്തെ കാണണമെന്നും ജില്ലാ ജഡ്ജ് പറഞ്ഞു. മാനന്തവാടി സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.പി ജോയ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി. ഉബൈദുള്ള ജയില്‍ അന്തേവാസികള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കി. ജില്ലാ ജയില്‍ സൂപ്രണ്ട് ഒ.എം രതുണ്‍, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജെ.ബി രജീഷ്, അഡ്വ: സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജയില്‍ അന്തേവാസികള്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി മാനന്തവാടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ ജയിലില്‍ നിയമ സഹായ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങിയത്.