കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് തോമസ് ചാഴികാടൻ എം.പി. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകൾക്കും സഹായഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ വൈക്കം ബ്ലോക്ക് തല വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായി.
സാമൂഹികനീതി വകുപ്പിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയംഗം എന്ന നിലയിൽ തോമസ് ചാഴികാടൻ എം.പി. നിർദ്ദേശിച്ച പ്രകാരം കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷികാർക്കും കേന്ദ്ര സർക്കാരിന്റെ എ.ഡി.ഐ.പി. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത്.
വൈക്കം ബ്ലോക്കിലെ തിരഞ്ഞെടുത്ത 84 പേർക്കാണ് വീൽചെയർ, ട്രൈ സൈക്കിൾ, സ്മാർട്ട് കെയിൻ, എൽബോ ക്രച്ചസ്സ്, എം.എസ്.ഐ.ഇ.ഡി. കിറ്റ്, വാക്കർ തുടങ്ങിയ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. കേൾവി തകരാർ ഉള്ളവർക്കായുള്ള ശ്രവണ സഹായി എത്രയും വേഗം ലഭ്യമാക്കുമെന്നും എം പി പറഞ്ഞു. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മൊത്തം 96 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.