ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള പരിശീലനമാണ് നൽകേണ്ടതെന്ന് ദേവസ്വം പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. തുടർച്ചയായ പരിശീലനത്തിലൂടെ അവരെ മാറ്റിയെടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സമഗ്ര ശിക്ഷ കേരള പഴയന്നൂർ ബ്ലോക്കിനായി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച് നൽകിയ ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം പാഞ്ഞാൾ കാട്ടിൽക്കാവ് സാംസ്കാരിക നിലയത്തിൽ
നിർവഹിക്കുകയായിരുന്നു മന്ത്രി.

ഓട്ടിസം ബാധിച്ചവർക്ക് കൃത്യമായ പരിശീലനം നൽകിയാൽ അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനാകും. വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ വളർത്തിയെടുക്കാനുള്ള സംവിധാനങ്ങൾ സമൂഹത്തിൽ കുറവാണ്. അവർക്ക് ശരിയായ പരിശീലനം നൽകുകയാണ് ഓട്ടിസം സെന്റർ പോലെയുള്ള സ്ഥാപനങ്ങളിലുടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഓട്ടിസം അടക്കമുള്ള ശാരീരിക, മാനസിക വൈകല്യങ്ങൾ നേരിടുന്നവർക്ക് അതിജീവനത്തിന് ആവശ്യമായ പരീശീലനം നൽകാനും ഓട്ടിസം സെന്ററിന് കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഓട്ടിസം സെന്ററിൽ കുട്ടികൾക്കായി ഫിസിയോതെറാപ്പി, സ്പീച്ച്തെറാപ്പി, ബിഹേവിയർ തെറാപ്പി എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഓട്ടിസം ബാധിച്ച 20 കുട്ടികൾ അടക്കം നൂറോളം പേർക്ക് സേവനം ലഭ്യമാകും. സെന്ററിൽ സ്പെഷ്യൽ എജ്യുകേറ്റർ, ആയ, തെറാപ്പിസ്റ്റ് തുടങ്ങിയവരുമുണ്ട്. 20 ലക്ഷം രൂപ ചെലവിലാണ് ഓട്ടിസം സെന്റർ നിർമ്മാണം പൂർത്തിയാക്കിയത്.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് ചടങ്ങിൽ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോർഡിനറ്റർ ഡോ.എൻ ജെ ബിനോയ് വിഷയാവതരണം നടത്തി. ജനപ്രതിനിധികളായ അരുൺ കാളിയത്ത്, പി കൃഷ്ണൻകുട്ടി, നിർമ്മല രവികുമാർ, ഉണ്ണികൃഷ്ണൻ എ കെ, രമണി ടി വി, പ്രേമദാസ്, പി എം നൗഫൽ, ഷിജിത ബിനീഷ്, ഡി.പി.ഒ. ബ്രിജി കെ ബി തുടങ്ങിയവർ പങ്കെടുത്തു.