124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി ഉല്‍പ്പാദന രംഗത്ത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനശേഷി 173 മെഗാവാട്ടായി വര്‍ദ്ധിപ്പിക്കാനും ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 18.5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും സാധിച്ചതായി മന്ത്രി പറഞ്ഞു. ശ്രീനാരായണപുരം-മതിലകം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്കൊടുങ്ങല്ലൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന് കീഴിലുള്ള മതിലകം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയില്‍ 70 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്ന് വഹിക്കുന്നതാണ്. 30% മാത്രമാണ് സംസ്ഥാനത്തിനകത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. ജലവൈദ്യുത പദ്ധതികള്‍ക്ക് ധാരാളം സാധ്യതയുള്ള കേരളത്തില്‍ ഇത്തരം പദ്ധതികള്‍ ആരംഭിക്കാനുള്ള തടസങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്തും. നാല് മണിക്കൂറിലധികം പവര്‍കട്ട് ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളുണ്ട്. എന്നാല്‍ നിലവില്‍ കേരളത്തില്‍ അത്തരമൊരു സാഹചര്യമില്ല. വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ നേട്ടമെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. അതിനായി വാതില്‍പടി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

22000 ലധികം ടെന്‍ഷന്‍ ഉപഭോക്താക്കളും ഒരു ഹൈടെന്‍ഷന്‍ ഉപഭോക്താവും അടങ്ങുന്ന മതിലകം ഇലക്ട്രിക്കല്‍ സെക്ഷന്റെ ഭൂവിസ്തൃതി 22 ചതുരശ്ര കിലോമീറ്ററാണ്. എസ്.എന്‍ പുരം സെന്ററില്‍ വാടകകെട്ടിടത്തിലാണ് നിലവില്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അഞ്ചങ്ങാടി 33 കെ.വി. സബ്‌സ്റ്റേഷനോട് ചേര്‍ന്നുള്ള 24 സെന്റ് ഭൂമിയില്‍ രണ്ട് നിലകളിലായി 2020 ചതുരശ്രടി വിസ്തൃതിയിലാണ് സെക്ഷന്‍ ഓഫീസിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിനായി 63 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ എസ് ഇ ബി ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ ഡോ.ബി അശോക് മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.