രോഗം വരുന്നത് രോഗിയുടെ കുറ്റമല്ലെന്നും പ്രാരംഭത്തിലെ രോഗം കണ്ടെത്തി ചികിത്സ ഉറപ്പു വരുത്തി രോഗവിമുക്തമാക്കാൻ നിലവിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണെന്നും പട്ടികജാതി പട്ടികവർഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുട്ടികളിലെ കുഷ്ഠരോഗം നേരത്തേ കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയായ ബാലമിത്ര ക്യാമ്പയിന്റെ  ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ 40 വർഷമായി നമ്മുടെ നാട്ടിൽ കുഷ്ഠ രോഗത്തിന് ചികിത്സയുണ്ട്‌. അത് പൂർണ്ണമായും പൊതു ജനങ്ങളിലേയ്ക്ക് എത്തിയിട്ടില്ല. അങ്കണവാടികൾ പോലെ സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് എത്തുന്ന സ്ഥാപനങ്ങൾ വഴി  കുഷ്ഠരോഗത്തെ കുറിച്ചുള്ള ബോധവൽക്കരണത്തിനുള്ള അവസരം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ബാലമിത്ര ക്യാമ്പയിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി തൃശൂർ ജില്ലാ ലെപ്രസി യൂണിറ്റ് തയ്യാറാക്കിയ മൊബൈൽ ആപ്പിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യം വച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും സാമൂഹ്യ നീതി വകുപ്പും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും ഐ.ടി.@ സ്കൂളും സംയുക്തമായി ഏകോപിത പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുന്ന ക്യാമ്പയിനാണ് ബാലമിത്ര.

തോന്നൂർക്കര എ യു പി സ്കൂളിൽ നടന്ന ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പ്രേമകുമാർ കെ ടി വിഷയാവതരണം നടത്തി. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ സ്വാഗതം ആശംസിക്കുകയും തോന്നൂർക്കര കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്  ഇൻസ്പെക്ടർ  പ്രിയേഷ് പി ബി  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.