സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്നുള്ള റാങ്ക് ജോതാക്കളെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.കഴിവുള്ളവരില്‍ തന്നെ അതിമികവുള്ളവരെയാണ് പുതുതലമുറയ്ക്കാവശ്യമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
മത്സര പരീക്ഷകളുടെ ഈ കാലയളവില്‍ മികവിനുമപ്പുറം അതിമികവാണ് ആവശ്യം.വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കാഴ്ചവയ്ക്കണമെങ്കില്‍ രക്ഷിതാക്കളുടെ പൂര്‍ണപിന്തുണയും ആവശ്യമാണ്.സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ഹൃദ്യ എസ്.വിജയന്‍, രവീണ്‍ കെ.മനോഹരന്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി ആദരിച്ചു.

റാന്നി ഇടക്കുളം ഹൃദ്യം വീട്ടില്‍ റിട്ട. തഹസില്‍ദാര്‍ കെ.എന്‍ വിജയന്റെയും പത്തനംതിട്ട കളക്‌ട്രേറ്റ് ജെ.എസ് വി.ടി സിന്ധുവിന്റെയും മകളാണ് ഹൃദ്യ.എസ് വിജയന്‍(317 ാം റാങ്ക്),കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥനായ കെ.കെ മനോഹരന്റെയും തിരുവല്ല ഡിഇഒ പി.ആര്‍ പ്രസീനയുടെയും മകനാണ് രവീണ്‍.കെ മനോഹരന്‍( 631 ാം റാങ്ക്).ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുരളീധരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.