അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് കോളനിയിലേക്ക് റോഡ് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി സർവേ പഠനം പൂർത്തിയായി. പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടന്ന ഇവിടേക്ക് റോഡ് നിർമ്മിക്കുന്നതിൻ്റെ സാധ്യത പഠനത്തിനായി 9.8 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിൻ്റെ പ്രാരംഭ പണികൾ കഴിഞ്ഞ നവംബർ ആദ്യ വാരത്തിൽ തന്നെ ആരംഭിച്ചിരുന്നു.
ടെൻഡർ നടപടി പൂർത്തിയായെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് പഠനം നടത്താൻ സാധിച്ചിരുന്നില്ല. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് പഠനം ആരംഭിക്കുകയും പൂർത്തീകരിക്കുകയും ചെയ്തത്.
സർവ്വേ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയാറാക്കുക. പൊതുമരാമത്ത് റോഡ് വിഭാഗത്തിനാണ് പദ്ധതിയുടെ ചുമതല. മലക്കപ്പാറയില്‍ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിര്‍മിക്കാന്‍ 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

അരേക്കാപ്പ് കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പട്ടിക ജാതി – പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തത്തിൽ തീരുമാനമാവുകയും കോളനിയിലേക്കുള്ള റോഡ് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം അരേക്കാപ്പിൽ നേരിട്ടെത്തി കോളനിവാസികളെ അറിയിക്കുകയും ചെയ്തിരുന്നു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാറും എം എൽ എ സനീഷ് കുമാര്‍ ജോസഫും കോളനി സന്ദര്‍ശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

അതിരപ്പിള്ളി മലക്കപ്പാറയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടിലുള്ള അരേക്കാപ്പ് കോളനിയില്‍ 45 കുടുംബങ്ങളാണ് താമസിക്കുന്നത്.
വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കര്‍ ഭൂമിയിലെ കൃഷിയും ഇടമലയാര്‍ അണക്കെട്ടില്‍ നിന്നുള്ള മത്സ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാര്‍ഗം.