ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കം. പഞ്ചായത്തിലെ പരൂര്‍ പടവ് പാടശേഖരത്തിലെ 250 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. കട്‌ല, രോഹു, ഗ്രാസ്, കാര്‍പ്പ് തുടങ്ങിയ ഇനങ്ങളിലുള്ള 7,50,000 മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്.

താഴ്ന്നപ്രദേശങ്ങളിലെ നെല്‍വയലുകളില്‍ നെല്‍കൃഷിക്കൊപ്പം മത്സ്യസമ്പത്ത് കൂടി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ അധ്യക്ഷത വഹിച്ചു. കോള്‍പടവ് സെക്രട്ടറി അബൂബക്കര്‍, വാര്‍ഡ് മെമ്പറും വൈസ് പ്രസിഡന്റുമായ കെ നിഷാര്‍, ചാവക്കാട് ഫിഷറീസ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശ്രുതി സുകു, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടോണി ജോസഫ്, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ സി കെ ഗീത, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.