സ്മാര്‍ട്ട് കരുത്തില്‍ മികവിന്റെ പാതയിലേയ്ക്ക് ഉയര്‍ന്ന പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഞ്ചായത്തിന് കീഴിലെ ചമ്മന്നൂര്‍, പരൂര്‍, ഉപ്പുങ്ങല്‍, കുമാരന്‍പടി, ചെറായി എന്നീ അഞ്ച് അങ്കണവാടികളാണ് കുരുന്നുകള്‍ക്ക് കളിച്ഛുല്ലസിക്കാനും മികവോടെ ഉയരാനും ഒരുങ്ങിയിരിക്കുന്നത്. ഏഴാം വാര്‍ഡിലെ ചമ്മന്നൂര്‍, ഒമ്പതാം വാര്‍ഡിലെ പരൂര്‍ അങ്കണവാടികളുടെ ഉദ്ഘാടനം ഈ മാസം 24,25 തിയതികളിലായി എന്‍ കെ അക്ബര്‍ എം എല്‍ എ നിര്‍വ്വഹിക്കും. ഉപ്പുങ്ങല്‍, കുമാരന്‍പടി, ചെറായി അങ്കണവാടികളുടെ ഉദ്ഘാടനവും വരും ദിവസങ്ങളില്‍ നടക്കും.

ഇരുനിലകളിലായാണ് കെട്ടിടങ്ങള്‍ പണിതിട്ടുള്ളത്. അങ്കണവാടികളുടെ താഴത്തെ നിലയില്‍ വിശ്രമമുറി, ക്ലാസ്മുറി, ഡൈനിങ് ഹാള്‍, അടുക്കള, പൊതുശുചിമുറി, ശിശുസൗഹൃദ ശുചിമുറി എന്നിവയും രണ്ടാംനിലയില്‍ കുട്ടികള്‍ക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. ചുവരുകളില്‍ കുരുന്നുകളെ ആകര്‍ഷിക്കും വിധം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല.

സൗജന്യമായി ലഭിച്ച 3 സെന്റ് സ്ഥലം ഉള്‍പ്പെടെ ആറ് സെന്റ് സ്ഥലത്താണ് ഏഴാം വാര്‍ഡിലെ ചമ്മന്നൂര്‍ മുപ്പതാം നമ്പര്‍ അങ്കണവാടി കെട്ടിടം. 1333 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് 32 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. 14 ലക്ഷം രൂപ റര്‍ബന്‍ മിഷന്‍ ഫണ്ടും 18 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടുമാണ്. ഒമ്പതാം വാര്‍ഡ് പരൂരിലെ ഇരുപത്തിയെട്ടാം നമ്പര്‍ അങ്കണവാടി കെട്ടിടം 820 ചതുരശ്രഅടിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. 18.60 ലക്ഷം രൂപ റര്‍ബന്‍ മിഷന്‍ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

വാടക കെട്ടിടത്തിലായിരുന്ന ആറാം വാര്‍ഡിലെ ഉപ്പുങ്ങല്‍ പ്രദേശത്തെ ഇരുപത്തിരണ്ടാം നമ്പര്‍ അങ്കണവാടി മൂന്ന് സെന്റ് സ്ഥലത്ത് 820 ചതുരശ്രഅടിയില്‍ 17,70,000 ലക്ഷം രൂപ റര്‍ബ്ബണ്‍ മിഷന്‍ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വാര്‍ഡ് മൂന്ന് ചെറായിയിലെ പതിനേഴാം നമ്പര്‍ അങ്കണവാടിയുടെയും കുമാരന്‍പടി പതിനേഴാം വാര്‍ഡിലെ ഏഴാം നമ്പര്‍ അങ്കണവാടിയുടെയും നിര്‍മ്മാണവും പൂര്‍ത്തിയായി. പുന്നയൂര്‍ക്കുളത്തെ ശിശുസൗഹൃദ പഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അതിന്റെ ആദ്യ പടികളാണ് സ്മാര്‍ട്ട് അങ്കണവാടികളെന്നും പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ പറഞ്ഞു.