ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുന്നതിലും പ്രവാസികൾ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളിൽ നിന്ന് സംസ്ഥാനത്തിന് എന്ത് ലഭിക്കും എന്നതിലുപരി അവർക്കായി സംസ്ഥാനം ഏതെല്ലാം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നതുകൂടിയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത്.

കോവിഡ് സാഹചര്യത്തിന് ശേഷം മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തിൽ വർധനയുണ്ടായി. നോർക്ക പോർട്ടലിൽ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 17 ലക്ഷം പ്രവാസികളാണ് തിരികെയെത്തിയത്. ഓരോ വർഷവും മടങ്ങിവരുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രവാസി പങ്കാളിത്തം കൂടി ഉറപ്പുവരുത്തികൊണ്ടുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് ലോക കേരള സഭയ്ക്ക് വലിയ പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 20 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തിയാണ് മൂന്നാം ലോക കേരള സഭ സംഘടിപ്പിക്കുന്നത്. യുവതീ യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്.

നോർക്ക റൂട്സ് വൈസ് ചെയർമാൻ എം എ യൂസഫലി, നോർക്ക ഡയറക്ടർ എം അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.