ഇതര സംസ്ഥാന പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോൾ പ്രധാന പ്രശ്നമായി ഉയർന്നു വന്നത് യാത്രാക്ലേശം.  റോഡ് ഗതാഗതത്തിലാണ് പ്രധാന തടസ്സങ്ങളുള്ളത്.  ആവശ്യത്തിന് ദീർഘദൂര സർവീസുകൾ ലഭിക്കുന്നില്ല.  സ്വിഫ്റ്റ് പോലുള്ള സർവ്വീസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് ദീർഘിപ്പിക്കണം.  ട്രെയിൻ സർവീസുകളുടെ ലഭ്യതക്കുറവ്,  ഭീമമായ വിമാന യാത്രാ നിരക്ക് എന്നിവയും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രതിനിധികൾ സാക്ഷ്യപ്പെടുത്തി.  യാത്രാക്ലേശം പരിഹരിക്കാനുതകുന്ന ട്രെയിൻ സർവ്വീസുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിൽ നൽകണം.  കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ നാട്ടിലെത്തിച്ച് സഹായം ഉറപ്പാക്കാൻ സർക്കാർ ഇടപെടണം.  ഇതര സംസ്ഥാനത്തു വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നോർക്ക റൂട്സ് വഴി നാട്ടിലെത്തിക്കണം.  അന്യസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനു പോകുന്ന വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശം നൽകാൻ നോർക്ക ഹെൽപ് ഡെസ്‌ക് സംവിധാനം വേണം.   തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരിൽ അർഹരായവരെ ലൈഫ്  ഭവന പദ്ധതിയിൽ ഉൾപ്പെടുത്തണം.  പുതിയ തൊഴിൽ കണ്ടെത്തുന്നതിന് അവസരവും പരിശീലനവും നൽകണം.  ഒറ്റയ്ക്കു താമസിക്കുന്നവർ മരണപ്പെട്ടാൽ സമ്പാദ്യം ബന്ധുക്കൾക്ക് എത്തിച്ചു കൊടുക്കാൻ നോർക്ക ഇടപെടണം.   പെൻഷൻ പദ്ധതിയിലെ ഉയർന്ന പ്രായപരിധി എടുത്തു കളയണം.  കേരള പി എസ് സി യിൽ ജോലി ലഭിക്കാൻ മലയാളം അറിഞ്ഞിരിക്കണമെന്ന നിബന്ധനയിൽ പ്രവാസികളുടെ മക്കൾക്ക് ഇളവു നൽകണമെന്നും സിവിൽ സർവ്വീസ് മാതൃകയിൽ പരീക്ഷ ജയിച്ച് രണ്ടു വർഷത്തിനകം ഭാഷ പഠിച്ചെടുക്കാൻ അവസരമൊരുക്കണമെന്നും ആവശ്യമുയർന്നു.
പഞ്ചാബിൽ നോർക്ക സാറ്റലൈറ്റ് സെന്റർ സ്ഥാപിക്കാമെന്ന വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കണം.  ലോക കേരള സഭയുടെ സ്റ്റാൻഡിങ് കമ്മിറ്റികൾ ആറു മാസത്തിലൊരിക്കൽ ചേരാൻ സംവിധാനമൊരുക്കുകയും ആഭ്യന്തര പ്രവാസികൾക്കായി മേഖലാ സമ്മേളനങ്ങൾ നടത്തുകയും ചെയ്യണം.  കാൻസർ – വൃക്ക രോഗികൾക്ക് നോർക്ക വഴി ധനസഹായം ഉറപ്പാക്കണം.   ഇന്ത്യയുടെ നാല് മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളെക്കൂടി നോർക്കയിൽ ഡയറക്ടർമാരായി ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ എന്നിവർ ചർച്ച നയിച്ചു.  എം. എൽ. എമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.