പി.എന്‍. പണിക്കര്‍ അനുസ്മരണാര്‍ഥം ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ നടത്തുന്ന വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് വായനാ പക്ഷാചരണം സംഘടിപ്പിക്കുന്നത്.
വായന പക്ഷാചരണ സംഘാടക സമിതി, ജില്ലാ ലൈബ്രറി, കല്‍പ്പറ്റ നഗരസഭ ലൈബ്രറി സമിതി, പത്മപ്രഭ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ഞായര്‍) രാവിലെ 10.30 ന് കല്‍പ്പറ്റ കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. നടക്കുന്ന പുതിയ കാലം പുതിയ വായന എന്ന സെമിനാറില്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ വിഷയാവതരണം നടത്തും. എല്ലാ ലൈബ്രറികളിലും ഞായറാഴ്ച പി.എന്‍ പണിക്കര്‍ അനുസ്മരണം, പുസ്തക ചര്‍ച്ച എന്നിവ നടത്തും.
വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20 (തിങ്കള്‍)ന് രാവിലെ 10.30 ന് കണിയാമ്പറ്റ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിക്കും. കല്‍പ്പറ്റ നാരായാണന്‍ മുഖ്യപ്രഭാഷണം നടത്തും.
വായനാ പക്ഷാചരണത്തോടനൂബന്ധിച്ച് സ്‌കൂളുകളില്‍ ക്വിസ്, പ്രസംഗം, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിക്കും. ജൂണ്‍ 22 ന് ജി ശങ്കരപ്പിള്ള അനുസ്മരണവും, ജൂലൈ 1 ന് പി കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, എന്‍.പി മുഹമ്മദ്, ജൂലൈ 5 ന് വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും സംഘടിപ്പിക്കും.കല്‍പ്പറ്റ കളക്ടറേറ്റ് പരിസരത്ത് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പുസ്തകമേളയും സംഘടിപ്പിക്കും. ലൈബ്രറി കൗൺസിൽ, പി.എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ നേനേതൃത്വത്തിൽ വിവിധ പരിപാടികൾ നടക്കും. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ തുല്യതാ പഠിതാക്കള്‍ക്കായി വായന മത്സരങ്ങള്‍, ഉപന്യാസ മത്സരങ്ങള്‍, ക്വസ് മത്സരങ്ങള്‍, കയ്യെഴുത്ത് മത്സരങ്ങങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.