അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജൂണ്‍ 8 മുതല്‍ സംഘടിപ്പിച്ച ബാലവേല വിമുക്ത ഇടുക്കി ജില്ല ക്യാമ്പയിന്‍ സമാപിച്ചു. കുമളി സഹ്യജോതി കോളേജില്‍ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്‌ററാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീറണാക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ലേബര്‍ ഓഫീസര്‍ സ്മിത കെ.ആര്‍, വണ്ടിപെരിയാര്‍ എസ്.എച്ച്.ഒ. സുനില്‍കുമാര്‍ റ്റി.ഡി, അഴുത ശിശു വികസന പദ്ധതി ഓഫീസര്‍ ഗീത ആര്‍, കുമളി സഹ്യജ്യോതി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.ജെ മാത്യു, കുമളി ഗവ.ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ മല്ലിക എ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജ്, റെസ്‌ക്യു ഓഫീസര്‍ കിരണ്‍ കെ. പൗലോസ് കൗണ്‍സിലര്‍ നീനു വി. കുര്യന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അമരാവതി, കുമളി ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ബാലവേല രഹിത ഇടുക്കി എന്ന വിഷയത്തില്‍ സിവില്‍ പോലീസ് ഓഫിസര്‍ മധു ജോസഫ് ക്ലാസ് നയിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ശരണ്യ ബാല്യം പദ്ധതി വഴി ബാലവേല വിമുക്ത ഇടുക്കി ജില്ല കാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടത്തിയത്. ബാലവേലയെ കുറിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് വനിത ശിശു വികസന വകുപ്പ് നല്‍കുന്ന 2500 രൂപ പാരിതോഷികം ലഭിക്കുന്നത് സംബന്ധിച്ച പോസ്റ്റര്‍, ബാലവേല വിമുക്ത ഇടുക്കി ജില്ല പോസ്റ്റര്‍, തുടങ്ങിയവ ഹോട്ടലുകള്‍, പൊതു സ്ഥലങ്ങള്‍. വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പതിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണ പരിപാടികള്‍, തൊഴില്‍ വകുപ്പ്, പോലീസ്, വാഹന ഗതാഗത വകുപ്പ് എന്നിവരുടെ സഹകരണത്തോടെ തോട്ടം മേഖലയിലും ഹോട്ടലുകളിലും മറ്റും പരിശോധനകള്‍, പോസ്റ്റര്‍ രചന മത്സരം മുതലായവ സംഘടിപ്പിച്ചു.