സംസ്ഥാനത്ത് ഒൻപത് കേന്ദ്രങ്ങൾ

ജോലിചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ചെലവ് കുറഞ്ഞ, സുരക്ഷിത താമസസൗകര്യം ലഭ്യമാകുന്നയിടങ്ങളാണ് വനിതാമിത്ര കേന്ദ്രങ്ങൾ. നിലവിൽ സംസ്ഥാനത്ത് ഒൻപത് വനിതാമിത്ര കേന്ദ്രങ്ങൾ കേരള സംസ്ഥാന വനിതാ വികസന കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹോസ്റ്റൽ നിർമിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി കോർപ്പറേഷന് നൽകുന്നതിനനുസരിച്ചു ഈ സ്ഥലങ്ങളിൽ മികച്ച സൗകര്യത്തോടെ വനിതാ വികസന കോർപ്പറേഷൻ ഹോസ്റ്റലുകൾ നിർമിച്ചു നൽകും. നഗരപ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്താണ് വനിതാമിത്ര കേന്ദ്രങ്ങൾ നിർമിക്കുന്നത്. ജോലി, പഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി നഗര പ്രദേശങ്ങളിലെത്തുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ് വനിതാമിത്ര. കൂടാതെ വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം.

സ്ത്രീകൾക്കൊപ്പമുള്ള 12 വയസ്സുവരെയുള്ള കുട്ടികൾക്കും പ്രവേശനം നൽകും. അംഗപരിമിതർക്ക് ആവശ്യമായ സൗകര്യത്തോടെയുള്ള മുറികളും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യവും ഇവിടങ്ങളിൽ ലഭ്യമാണ്. www.safestaykswdc.com വഴി ഓരോ സ്ഥലങ്ങളിലെയും താമസസൗകര്യം അറിയാനും മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും.