എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 21ന് രാവിലെ 7.45ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷതയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യ പ്രഭാഷണവും നടത്തും. വിദ്യാഭ്യാസ  മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.
ആരോഗ്യ സംരക്ഷണത്തിലും രോഗങ്ങളിൽ നിന്നു മുക്തി തേടുന്നതിലും സൗഖ്യം അഥവാ വെൽനെസ് പ്രദാനം ചെയ്യുന്നതിലും യോഗയ്ക്കുള്ള പ്രാധാന്യം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ‘യോഗ ഫോർ ഹ്യൂമാനിറ്റി’ എന്നതാണ് ഈ വർഷത്തെ യോഗ ദിനാചരണ സന്ദേശം. ഭാരതത്തിൽ ഉത്ഭവിച്ച യോഗ ചെന്നെത്താത്ത ലോകരാജ്യങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ഒരേസമയം ശരീരത്തിന് വ്യായാമവും മനസിന് ശാന്തതയും പ്രദാനം ചെയ്യുന്നു എന്നത് യോഗയുടെ മാത്രം പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു.
യോഗയും വിവിധ ചികിത്സാ പദ്ധതികളും സംയോജിപ്പിച്ച് വികസിപ്പിച്ചു വരുന്ന ചികിത്സാ രീതികൾ ആതുര ശുശ്രൂഷാ രംഗത്ത് വളരെ ഫലപ്രദമാണ്. സർക്കാരിന്റെ കീഴിൽ ഇന്ന് 300ലധികം യോഗ പരിശീലന കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. വിദ്യാർഥികൾ, സ്ത്രീകൾ, വയോജനങ്ങൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങൾക്കും യോഗ പരിശീലനം ലഭ്യമാക്കി ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റിയെടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജില്ലാ ആസ്ഥാനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും സ്‌കൂളുകളിലും കോളേജുകളിലും പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിലും യോഗയുമായി ബന്ധപ്പെട്ട പരിപാടികളും പരിശീലനങ്ങളും സംസ്ഥാന ആയുഷ് വകുപ്പ് നടത്തുന്നുണ്ട്.