താനൂര്‍ അഗ്‌നിരക്ഷാ നിലയത്തിന്റെ ഓഫീസ് ഉദ്ഘാടനം
മന്ത്രി നിര്‍വഹിച്ചു

എല്ലാ സേനകളെയും ശക്തിപ്പെടുത്തലാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ അഗ്‌നിരക്ഷാ നിലയത്തിന്റെ പുതുതായി നിര്‍മിക്കപ്പെട്ട ഓഫീസിന്റെ ഉദ്ഘാടനവും അഗ്‌നിരക്ഷാ നിലയത്തിലേക്ക് പുതിയതായി അനുവദിച്ച രണ്ട് ഫയര്‍ എഞ്ചിനുകളുടെ ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിത്യജീവിതത്തിലെ അപകടങ്ങളില്‍ ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നവരാണ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍. ജനങ്ങളുടെ പൂര്‍ണസഹകരണം സേനയ്ക്ക് ആവശ്യമാണെന്നും കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് ഓഫീസ് മാറ്റാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ വാടകകെട്ടിടത്തിലാണ് നിലയം പ്രവര്‍ത്തിക്കുന്നത്. സേനാംഗങ്ങള്‍ക്ക് താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അപകടസാഹചര്യങ്ങളില്‍ ആത്മധൈര്യത്തോട് കൂടി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി. ദിനേഷ്‌കുമാറിനും സിവില്‍ ഡിഫെന്‍സ് അംഗം കെ. വി അഷ്റഫിനും മന്ത്രി ചടങ്ങില്‍ ഉപഹാരം നല്‍കി.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് താനൂരില്‍ അഗ്‌നിസുരക്ഷാ നിലയം പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലാ ഫയര്‍ഓഫീസര്‍ എസ്.എല്‍ ദിലീപ് അധ്യക്ഷനായി.