ഇരിങ്ങാലക്കുട നഗരസഭ ഒരുക്കിയ ഞാറ്റുവേല മഹോത്സവം 2022 പരിപാടിയിൽ മുൻ ജനപ്രതിനിധികളെ ആദരിക്കുന്ന ആദരണീയം പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കക്ഷി രാഷ്ട്രീയത്തിനതീതമായി പരസ്പരം ബഹുമാനത്തോടെ പ്രവർത്തിക്കുന്ന ജനപ്രതിനിധികളാണ് നാടിനാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ശുചിത്വ പദവി അംബാസിഡറായി സിനിമാ താരം ഇടവേള ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചു.

ഞാറ്റുവേല മഹോത്സവത്തിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, മത്സ്യവിഭവങ്ങൾ, വിത്തുകൾ, ഇരുമ്പ് ഉൽപ്പന്നങ്ങൾ, ചക്ക -മാങ്ങ ഉൽപ്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന അമ്പതിൽ പരം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഞാറ്റുവേല മഹോത്സവത്തിൽ ദിനംപ്രതി ആദര സംഗമങ്ങൾ, സാഹിത്യ സദസുകൾ, കൃഷി സംബന്ധമായ സെമിനാറുകൾ, കലാപരിപാടികൾ എന്നിവ നടക്കും.

മുൻ നഗരസഭ ചെയർമാൻമാരായ അഡ്വ. എ പി ജോർജ്, അഡ്വ.ടി ജെ തോമസ്, ഇ എം പ്രസന്നൻ, സി ഭാനുമതി, ബീവി അബ്ദുൾ കരീം, സോണിയ ഗിരി, ബെൻസി ഡേവിഡ്, മേരിക്കുട്ടി ജോയ്, പൊറത്തിശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എ ജെ ആന്റണി, ചിന്ത ധർമ്മരാജൻ, തങ്കമണി ഗോപിനാഥ്, എം ബി രാജു മാസ്റ്റർ എന്നിവരെ ആദരിച്ചു.യോഗത്തിന് മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.