വായനാദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ജില്ലാതല വായനാപക്ഷാചരണ ആഘോഷങ്ങൾക്ക് തുടക്കം. പുല്ലൂറ്റ് ലേബർ എൽ.പി സ്കൂളിൽ നടത്തിയ വായനാപക്ഷാചരണ പരിപാടികൾ കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിലിന്റെയും കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ പുല്ലൂറ്റ് എ.കെ.അയ്യപ്പൻ സി.വി.സുകുമാരൻ വായനശാലയാണ് ജില്ലാതല വായനാപക്ഷാചരണ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകരായ പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 ന് അവസാനിക്കുന്ന രീതിയിലാണ് ഈ വർഷത്തെ വായനാദിന ആഘോഷങ്ങൾ നടത്തുന്നത്.
സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക കമ്മിറ്റി അംഗം പി തങ്കം ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി വി കെ ഹാരിഫാബീ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി എൻ ദേവി പ്രസാദ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ പി രാജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുസ്താക്ക് അലി, സമിതി കൺവീനർമാരായ പി എൻ വിനയ ചന്ദ്രൻ, പ്രൊഫ. വി കെ സുബൈദ, സി വി എസ് വായനശാല പ്രസിഡന്റ്‌ എൻ.എ. എം അഷറഫ്, സി വി എസ് വായനശാല സെക്രട്ടറി എൻ എസ് ജയൻ എന്നിവർ പങ്കെടുത്തു.