അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ജില്ലാ ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗ വാരാചരണത്തിന് തുടക്കമായി. മുണ്ടേരി മിനി മുനിസിപ്പല്‍ ഹാളില്‍ നടന്ന യോഗാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം) ഡോ. എസ്.ആര്‍ ബിന്ദു അധ്യക്ഷയായി. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി മുഖ്യപ്രഭാഷണം നടത്തി. യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ ഡാന്‍സ്, യോഗ ഡെമോണ്‍സ്ട്രേഷന്‍ എന്നിവയും നടന്നു.

‘യോഗ ഫോര്‍ ഹ്യുമാനിറ്റി’ എന്നതാണ് ഈ വര്‍ഷത്തെ യോഗദിന സന്ദേശം. യോഗയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും ചേര്‍ന്ന് ജൂണ്‍ 21 മുതല്‍ 28 വരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ നടത്തും. കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ട്രൈബല്‍ സ്‌കൂളുകള്‍, പോലീസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് സെമിനാറുകള്‍, യോഗ പരിശീലന പരിപാടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍, പരിശീലകര്‍ക്കുള്ള പരിശീലനം എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.

കല്‍പ്പറ്റ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ എം.കെ ഷിബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ ഇന്‍ചാര്‍ജ് ഡോ. മദന്‍ മോഹന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി സി.എം.ഒ ഡോ.ഒ.വി സുഷ, കണ്‍വീനര്‍ ഡോ.ടി.എന്‍ ഹരിശങ്കര്‍, തരിയോട് ജി.എച്ച്.ഡി മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ഐ.എസ്.എം) സീനിയര്‍ സൂപ്രണ്ട് എം.എസ്. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.