പൊതു ഇടങ്ങളിലും വീടുകളിലും പലവിധ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാകുന്ന ഏകീകൃത സംവിധാനമാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് പിന്തുണയും പരിഹാരവും നൽകുകയെന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

സംസ്ഥാനത്തെ 14 ജില്ലകളിലും 24 മണിക്കൂറും സേവനം നൽകുന്നുവെന്നതാണ് പ്രത്യേകത.അതിക്രമങ്ങൾക്കിരയാകുന്നവർ നീതി ലഭിക്കാൻ പലയിടങ്ങളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കി എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ ലക്ഷ്യം. ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് താൽക്കാലിക അഭയം, നിയമസഹായം, ചികിത്സ, കൗൺസലിംഗ്, പോലീസ് സഹായം തുടങ്ങിയവ ലഭ്യമാക്കുന്നു.

വിമൻ പ്രൊട്ടക്ഷൻ ഓഫിസർ, പോലീസ്, കൗൺസിലർ, അഭിഭാഷകർ തുടങ്ങിയവരുടെ സേവനം കേന്ദ്രത്തിൽ ലഭിക്കും. അതിക്രമങ്ങൾ നേരിട്ടവർക്ക് പരമാവധി അഞ്ച്  ദിവസം വരെ വൺ സ്റ്റോപ്പ് കേന്ദ്രങ്ങളിൽ തുടരാം. പോലീസ്, കോടതി നടപടികൾക്കായി ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസ് സൗകര്യവും സെന്ററിൽ ഏർപ്പെടുത്തും. വനിതാശിശു വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് സഖി വൺ സ്റ്റോപ്പ് സെന്ററുകളുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

സഹായം തേടാം:

വൺ സ്റ്റോപ്പ് സെന്ററുകളിൽ സഹായം തേടാനായി കേന്ദ്രത്തിൽ നേരിട്ടെത്തുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. വനിതാ ഹെൽപ് ലൈൻ നമ്പറായ 1091, മിത്ര ഹെൽപ് ലൈൻ നമ്പർ 181, ചൈൽഡ് ലൈൻ 1098 തുടങ്ങിയവയിൽ വിവരമറിയിച്ചുകൊണ്ട് സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ സേവനം തേടാം.