അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശൂര്‍ ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തില്‍ യോഗാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ യോഗാ അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിശീലന ക്ലാസ് യോഗാചാര്യന്‍ ഗോപിനാഥ് ഇടക്കുന്നി ഉദ്ഘാടനം ചെയ്തു. മനസിന്റെയും ശരീരത്തിന്റെയും ബുദ്ധിയുടെയും സംയോജനമാണ് യോഗ. ഏതൊരു പ്രവൃത്തിക്കും ഇവ മൂന്നിന്റെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടെങ്കില്‍ മാത്രമേ ഏകാഗ്രതയോടെ മുന്നോട്ടു പോകാന്‍ സാധിക്കൂ എന്ന് ഗോപിനാഥ് ഇടക്കുന്നി ഉദ്ഘാടന ചടങ്ങില്‍ അഭിപ്രായപ്പെട്ടു. യോഗാ ഇന്‍സ്ട്രക്ടര്‍ നീരജ് രാജഗോപാല്‍ വിദ്യാര്‍ത്ഥികള്‍ക്കായി യോഗാ പ്രകടനങ്ങള്‍ പരിചയപ്പെടുത്തി. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേന്ദ്രീയ വിദ്യാലയത്തില്‍ ജൂണ്‍ 15 മുതല്‍ വിവിധ പരിപാടികള്‍ നടത്തിയിരുന്നു. ചടങ്ങില്‍ സെന്‍ട്രല്‍ ബ്യൂറോ കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് മാത്യു, പ്രിന്‍സിപ്പല്‍ ഹരീഷ് കുമാര്‍ ഡെഡ്വാള്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയ്‌നര്‍ ഷൈലജ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.