സന്തുലിത വളപ്രയോഗത്തിന്‍റെ അവബോധം സൃഷ്ടിക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാല, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രചാരണ യജ്ഞം സംഘടിപ്പിച്ചു. കര്‍ഷകര്‍ മണ്ണറിഞ്ഞ് കൃഷി ചെയ്യണമെന്നും വളപ്രയോഗം ആവശ്യാനുസരണം ചെയ്യുകയും വേണം എന്നാണ് പ്രചാരണ യജ്ഞത്തിന്‍റെ മുഖ്യ ആഹ്വാനം. കൃഷി വിജ്ഞാന കേന്ദ്രം, അസോസ്സിയേറ്റ് പ്രൊഫസര്‍ ഡോ. അനീന ഇ.ആര്‍ സ്വാഗതം ആശംസിച്ച ചടങ്ങിന്‍റെ ഉദ്ഘാടനം മാടക്കത്തറ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ പുഷ്പ ചന്ദ്രന്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ “മണ്ണ് സംരക്ഷണവും സന്തുലിത വളപ്രയോഗവും” എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല, മണ്ണ് ശാസ്ത്ര വിഭാഗം ശാസ്ത്രജ്ഞ, ഡോ. സ്മിത ജോണ്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. മണ്ണില്‍ ജൈവാംശം വര്‍ദ്ധിപ്പിക്കല്‍, അമ്ലത കുറയ്ക്കല്‍, മൂലകങ്ങളുടെ അഭാവം നികത്തല്‍ എന്നിവയുടെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു ക്ലാസ്സ്. അമ്പതോളം കര്‍ഷകര്‍ പങ്കെടുത്ത പരിപാടിയില്‍ നാനോ വളങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കാന്‍ ഇഫ്കോയുടെ എക്സിബിഷനും, അവബോധ ക്ലാസ്സും നടന്നു.