ഗാര്‍ഹിക ജൈവമാലിന്യം ജൈവവളമാക്കാനായി ഇലകമണ്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ബയോ കമ്പോസ്റ്റ് ബിന്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂര്യ ആര്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ 599 പേര്‍ക്കാണ് പദ്ധതി പ്രകാരം ബയോ കമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്തത്. അടുക്കളമാലിന്യം സംസ്‌കരിച്ച് ജൈവവളമാക്കാനുള്ള നൂതന സംവിധാനമാണ് ബയോ കമ്പോസ്റ്റ് ബിന്‍. ജൈവ മാലിന്യങ്ങള്‍ ബയോ കമ്പോസ്റ്റര്‍ ബിന്നില്‍ നിക്ഷേപിച്ച് ഇനാക്കുലം മിശ്രിതവും ചേര്‍ത്ത് ജൈവ വളമാക്കുന്ന രീതിയാണിത്.

പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് ബയോ കമ്പോസ്റ്റ് ബിന്നുകള്‍ വീടുകളില്‍ സ്ഥാപിക്കുന്നത്. ഒരു വ്യക്തിയില്‍ നിന്ന് 180 രൂപയാണ് ഈടാക്കുന്നത്. ബാക്കി ചെലവാകുന്ന തുക പഞ്ചായത്ത് വഹിക്കും. ഇതിനായി 2,15,640 രൂപയാണ് പ്ലാന്‍ ഫണ്ടില്‍ നിന്നും നീക്കിവച്ചിരിക്കുന്നത്. ബിന്‍ വാങ്ങുമ്പോള്‍ 10 കിലോ ഇനാകുലം സൗജന്യമായി നല്‍കുന്നുമുണ്ട്.

പഞ്ചായത്തിനെ  മാലിന്യ മുക്തമാക്കാനും ജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത കൈവരുത്തുവാനും ഈ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ. ഇലകമണ്‍ പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ലൈജുരാജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവരും  പങ്കെടുത്തു.