മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ പിരപ്പന്‍കോട് ജങ്ഷനില്‍ ‘കുടുംബശ്രീ ഷോപ്പീ’ മാര്‍ക്കറ്റിങ് ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീയുടെ വിവിധ ചെറുകിട സംരംഭങ്ങളുടെയും കാര്‍ഷിക മേഖലയിലുള്ള ജെ.എല്‍.ജി ഗ്രൂപ്പുകളുടെയും സ്ഥിരമായ ഒരു വിപണി സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. ഇതിലൂടെ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങി അവയ്ക്ക് വിപണി സാധ്യത കാണാനും കഴിയുന്നു.

‘പുഴയൊഴുകും മാണിക്കല്‍’ പദ്ധതിയുടെ ഭാഗമായുള്ള സംരംഭത്തിന്റെ ഉദ്ഘാടനം മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ നിര്‍വഹിച്ചു. പലവ്യഞ്ജനം, പലഹാരങ്ങള്‍, വിവിധ തരം അച്ചാറുകള്‍, ചെറുകടികള്‍, ഭവന നിര്‍മ്മിത സോപ്പുകള്‍, വെളിച്ചെണ്ണ, തുണിത്തരങ്ങള്‍, വിവിധ തരം ലോഷനുകള്‍ മുതലായവ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെ നിന്ന് വാങ്ങാം. രാവിലെ 9 മുതല്‍ വൈകിട്ട് 8 മണി വരെയാണ് പ്രവര്‍ത്തന സമയം.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അനില ജെ.എസ്, പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, സെക്രട്ടറി ജി.എന്‍ ഹരികുമാര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.