കവിതയേയും കവികളേയും അടുത്തറിഞ്ഞ് കുരുന്നുകളുടെ കാവ്യ സംഗമം ശ്രദ്ധേയമായി. തങ്ങളുടെ സ്കൂളിലേക്ക് അരഡസനോളം കവികൾ എത്തുന്നതിൻ്റെ കൗതുകത്തിലും ആവേശത്തിലുമായിരുന്നു കുട്ടികൾ. പുസ്തകങ്ങളിൽ മാത്രം പരിചയിച്ച കവികളെത്തിയപ്പോൾ അവരോടൊപ്പം ആടിയും പാടിയും കവിത ചൊല്ലിയും കുട്ടികൾ സമയം ചിലവഴിച്ചു. ഇതോടൊപ്പം തങ്ങളുടെ രചനാ രീതി കുട്ടികൾക്ക് പരിചയപ്പെടുത്തുകയും കുരുന്നുകളെക്കൊണ്ട് കവിതയും കഥയും ഏറ്റുചൊല്ലിക്കുകയും ചെയ്തു. പി.എൻ.പണിക്കർ വായന മാസാചരണവുമായി ബന്ധപ്പെട്ട് കോളപ്ര ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കാവ്യസംഗമം -2022 ആണ് കുട്ടികൾക്ക് പുറമേ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വ്യത്യസ്ഥാനുഭവമായത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ കാവ്യസംഗമം കവിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. കവികളായ എൻ.ബ്രിനേഷ്, സുനീന ഷെമീർ, പി.ആർ. രാജീവ്, ജോസിൽ സെബാസ്റ്റ്യൻ, പി.കെ. ഹസീന ബീഗം, ഇന്ദുജ പ്രവീൺ എന്നിവർ കവിതാനുഭവം പങ്കുവച്ചതോടൊപ്പം കവിത ആലപിക്കുകയും ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.കെ. റെജി അദ്ധ്യക്ഷനായി.

കുട്ടികൾക്ക് പുറമേ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. സ്കൂളിന് വേണ്ടി ഒരു കോടി രൂപ മുടക്കി ആധുനിക കെട്ടിട സമുച്ഛയം പണിത് അടിസ്ഥാന – ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചിരുന്നു. ഇതോടൊപ്പം അക്കാദമിക രംഗത്തും വിവിധ പദ്ധതികൾ സ്കൂളിൽ നടപ്പാക്കുകയും വിദ്യാർത്ഥികൾക്ക് അതിൻ്റെ നേട്ടം ലഭ്യമാക്കാനുമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി.

കുടയത്തൂർ ഗ്രാമപഞ്ചായത്തംഗം സി.എസ്. ശ്രീജിത്ത്, തൊടുപുഴ ഡയറ്റ് സ്കൂൾ ലക്ചറർ അജീഷ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സി.എസ്. ഷാലി മോൾ എന്നിവർ പരിപാടിയിൽ സംസാരിച്ചു.