പഴക്കമുള്ളതും സങ്കീർണവുമായ ഫയലുകൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലയിലെ ഫയൽ തീർപ്പാക്കൽ പുരോഗതി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ഫയലുകളിലെ നടപടിക്രമങ്ങളും ചിട്ടപ്പെടുത്തി വേണം മുന്നോട്ട് പോകാൻ. ഓരോ ആഴ്ചയും തീർപ്പാക്കുന്നവ കൃത്യമായി അവലോകനം ചെയ്യണം. ഈ തീവ്രയജ്ഞത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കണം. ഓരോ ഓഫീസിലും ചെയ്യുന്ന കാര്യങ്ങൾ കളക്ടർക്ക് നിശ്ചിത സമയത്ത് ലഭ്യമാക്കണം. ജില്ലയുടെ ഭൂപ്രകൃതി ഫീൽഡ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പലവിധമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. നോഡൽ ഓഫീസർമാർ കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കണം. ഇത് നല്ല രീതിയിൽ മുന്നോട്ട് പോകാൻ എല്ലാവരും സഹകരിച്ചു പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു . കാലതാമസം വരുത്താതെ ഓരോ വകുപ്പുകളിലും തീര്‍പ്പാക്കേണ്ട ഫയലുകളുടെ പരിഹാരം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ജില്ലയിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണവും കാലപ്പഴക്കവും സംബന്ധിച്ച് എഴുപതോളം വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്ന 2022 മെയ് 31 വരെയുള്ള ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് മുതല്‍ ജില്ലാതലം വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അദാലത്തുകള്‍ സംഘടിപ്പിക്കും.
യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി. ജേക്കബ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, വിവിധ വകുപ്പ് ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.