സംസ്ഥാന റവന്യൂ കലോത്സവത്തിലെ ടൗണ്‍ഹാള്‍ വേദിയെ ഉണര്‍ത്തിയ ലളിതഗാന മത്സരങ്ങളില്‍ വിജയം നേടി മലപ്പുറം, ഇടുക്കി ജില്ലകള്‍. പുരുഷ വിഭാഗത്തില്‍ മലപ്പുറം ജില്ലയിലെ വെള്ളയൂര്‍ വില്ലേജ് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ എ പി സുഭാഷും വനിതാ വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ എസ് സുനിയും ഒന്നാം സ്ഥാനം നേടി. ഓഫീസ് അറ്റെന്‍ഡന്റാണ് സുനി. റവന്യൂ വകുപ്പിലെ സംഗീത പ്രതിഭയാണ് സുഭാഷ്. ജില്ലാ ഭരണകൂടത്തിന്റെ നാഷണല്‍ വോട്ടേഴ്‌സ് ഡേയുടെ പ്രൊമോ സോങ്ങ്, റവന്യു – ഭൂരേഖ – ലാന്‍ഡ് വകുപ്പിന്റെ ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായുള്ള തീം സോങ്ങ് എന്നിവ ആലപിച്ചത് സുഭാഷ് ആയിരുന്നു. പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം പാലക്കാട് ജില്ലയുടെ കെ വി ശ്രീകാന്തും മൂന്നാം സ്ഥാനം കോട്ടയം ജില്ലയുടെ സി റെജിമോനും നേടി. വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലയിലെ വി അഖില എറണാകുളം ജില്ലയിലെ എം ഹരിത എന്നിവര്‍ പങ്കിട്ടു. മൂന്നാം സ്ഥാനം കാസര്‍കോട് ജില്ലയിലെ പി ശ്രീജയും സ്വന്തമാക്കി.
